തകർത്തടിച്ച് അക്ഷർ പട്ടേൽ; ഇന്ത്യയ്ക്കു ജയം, പരമ്പര

പോർട്ട് ഓഫ് സ്പെയിൻ ∙ തകർത്തടിച്ച അക്ഷർ പട്ടേൽ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കു സമ്മാനിച്ചത് ആവേശജയം. 35 പന്തിൽ 64 റൺസുമായി അക്ഷർ മിന്നിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 2 വിക്കറ്റിന്. സ്കോർ: വെസ്റ്റിൻഡീസ്– 50 ഓവറിൽ 6 വിക്കറ്റിന് 311. ഇന്ത്യ– 49.4 ഓവറിൽ 8 വിക്കറ്റിന് 312. 2–0നു മുന്നിലെത്തിയ ഇന്ത്യ പരമ്പര ഉറപ്പിച്ചു.
ചേസിങ്ങിൽ ശ്രേയസ് അയ്യരും (71 പന്തിൽ 63) സഞ്ജു സാംസണും (51 പന്തിൽ 54) ചേർന്നാണ് ഇന്ത്യയ്ക്കു വിജയപ്രതീക്ഷ നൽകിയത്. 39–ാം ഓവറിൽ സഞ്ജു റൺഔട്ടാവുകയും പിന്നാലെ ദീപക് ഹൂഡ (33) പുറത്താവുകയും ചെയ്തതോടെ ഇന്ത്യ പ്രതീക്ഷ കൈവിട്ടതാണ്. എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ ഇന്ത്യയെ അവിസ്മരണീയ വിജയത്തിലെത്തിച്ചു.
നേരത്തേ കരിയറിലെ 100–ാം ഏകദിനത്തിൽ സെഞ്ചറിയടിച്ച ഓപ്പണർ ഷായ് ഹോപ്പിന്റെയും (135 പന്തിൽ 115) ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയുടെയും (77 പന്തിൽ 74) മികവിലാണ് വിൻഡീസ് മുന്നൂറു കടന്നത്. കൈൽ മെയേഴ്സ് (39), ഷെമാർ ബ്രൂക്സ് (35) എന്നിവരും തിളങ്ങി. മെയേഴ്സ്, ബ്രൂക്സ്, പുരാൻ എന്നിവർക്കൊപ്പം ഹോപ്പ് പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് വിൻഡീസ് ഇന്നിങ്സിനു ബലമായത്.

