തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍; സ്‌കൂളിന് പുറത്ത് പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ കിലാച്ചേരിയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളായ സേക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
സ്‌കൂളിനോട് ചേര്‍ന്ന ഹോസ്റ്റലിലെ മുറിയിലാണ് തിങ്കളാഴ്ച രാവിലെ 17-കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മറ്റുകാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഡി.ഐ.ജി. എം. സത്യപ്രിയ, തിരുവള്ളൂര്‍ എസ്.പി. സെഫാസ് കല്യാണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

