അഴിമതിക്കേസ്; ബിഷപ് ധര്‍മരാജ് റസാലത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു

സിഎസ്‌ഐ ദക്ഷിണകേരള ബിഷപ് ധര്‍മരാജ് റസാലത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. കാരക്കോണം മെഡിക്കല്‍ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചോദ്യചെയ്യലിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ബിഷപ്പ് പ്രതികരിച്ചില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബിഷപ്പ് ധര്‍മരാജ് റസാലത്തിന്‍റെ വിദേശ യാത്ര ഇന്നലെ ഇ.ഡി തടഞ്ഞിരുന്നു. യുകെയിലേക്ക് പോകാനുള്ള ശ്രമമാണ് വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബിഷപ്പിനെ തടയുകയായിരുന്നു. തുടര്‍ന്ന് ഇ ഡിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കല്‍ കോളജിലും നടന്ന പരിശോധന 13 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെ സഭാ ആസ്ഥാനത്ത് ബിഷപ്പ് അനുകൂലികളും ബിഷപ്പിനെ എതിര്‍ക്കുന്നവരും പരസ്പരം പോര്‍വിളിച്ചു.

