ധാന്യം കയറ്റിയ ആദ്യ യുക്രെയ്ന്‍ കപ്പല്‍ പുറപ്പെട്ടു

കിയവ്: റഷ്യന്‍ ഉപരോധത്തെ തുടര്‍ന്ന് മാസങ്ങളായി മുടങ്ങിക്കിടന്ന കരിങ്കടല്‍ വഴിയുള്ള ധാന്യ കയറ്റുമതി പുനരാരംഭിച്ച് യുക്രെയ്ന്‍. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വലക്കുന്ന ലോകത്തിന് ആശ്വാസമായി കരിങ്കടല്‍ തീരത്തെ ഒഡേസ തുറമുഖത്തുനിന്നാണ് കപ്പല്‍ പുറപ്പെട്ടത്. സിയറ ലിയോണ്‍ പതാക വഹിക്കുന്ന റസോണി കപ്പല്‍ ബോസ്ഫറസ് കടല്‍ വഴി ലബനാനിലെത്തും. 26,000 മെട്രിക് ടണ്‍ ചോളമാണ് കപ്പലിലുള്ളത്.
ധാന്യ കയറ്റുമതിയില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള രാജ്യങ്ങളിലൊന്നായിട്ടും യുക്രെയ്നില്‍നിന്ന് ഫെബ്രുവരി അവസാനത്തോടെ ചരക്കു കപ്പലുകള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. തുര്‍ക്കിയുടെയും യു.എന്നിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സുരക്ഷിത യാത്രക്ക് റഷ്യയും യുക്രെയ്നും കരാറിലെത്തിയതോടെയാണ് ചരക്കുകപ്പലുകള്‍ക്ക് വീണ്ടും യാത്രയൊരുങ്ങിയത്. ലോക ഗോതമ്ബ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങളില്‍നിന്നാണ്. എന്നാല്‍, റഷ്യന്‍ അധിനിവേശത്തിന്റെയും യൂറോപ്യന്‍ ഉപരോധത്തിന്റെയും തുടര്‍ച്ചയായി ഇത് നിലച്ചുകിടക്കുകയായിരുന്നു. പുതിയ കരാര്‍ പ്രകാരം യുക്രെയ്നിലെ ഒഡേസക്കു പുറമെ ചോര്‍ണോമോര്‍സ്ക്, പിവ്ഡെനില്‍ തുറമുഖങ്ങള്‍ വഴിയും ചരക്കുകടത്തിന് അനുമതിയുണ്ട്.
ടഗ് ബോട്ടുകള്‍ വലിച്ച് ഒഡേസ തുറമുഖത്തുനിന്ന് പുറത്തുകടന്ന കപ്പല്‍ കരിങ്കടലില്‍ അപകടമൊരുക്കി റഷ്യ വിതച്ച കുഴിബോംബുകള്‍ കാരണം വളരെ പതുക്കെയാണ് സഞ്ചരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇസ്തംബൂളിലെത്തുന്ന കപ്പല്‍ റഷ്യ, യുക്രെയ്ന്‍, യു.എന്‍, തുര്‍ക്കി എന്നിവയുടെ പ്രതിനിധികള്‍ പരിശോധന നടത്തിയ ശേഷമാകും തുടര്‍ യാത്ര നടത്തുക. ചരക്കുകയറ്റലും ഈ പ്രതിനിധികളുടെ മേല്‍നോട്ടത്തിലായിരുന്നു. ആറു ലക്ഷം ചരക്കുമായി 17 കപ്പലുകള്‍ കരിങ്കടലില്‍ കുടുങ്ങിക്കിടക്കുന്നതായി യുക്രെയ്ന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ചരക്കുകയറ്റുമതി പുനരാരംഭിച്ചതിനിടെയും യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഡോണെറ്റ്സ്കിലെ ബഖ്മൂതിലും സൊളെഡറിലുമുണ്ടായ ആക്രമണങ്ങളില്‍ മൂന്നു സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ബഖ്മൂതില്‍ വ്യവസായ കേന്ദ്രവും ആക്രമണത്തിനിരയായി. സെര്‍ബിയയും കൊസോവയും സ്വതന്ത്രമായെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം തുടരുകയാണ്. യുദ്ധമൊഴിവാക്കാന്‍ 3,770 സൈനികരുടെ സാന്നിധ്യവുമായി യു.എന്‍ സംഘം ഇവിടെ ക്യാമ്ബ് ചെയ്യുകയാണ്.

