ദില്ലിയില്‍ വീണ്ടും മങ്കിപോക്സ്: രോഗബാധ നൈജീരിയന്‍ സ്വദേശിക്ക്, രാജ്യത്ത് രോഗബാധ ഒന്‍പതായി

ദില്ലി: ദില്ലിയില്‍ ഒരാള്‍ക്ക് കൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ദില്ലിയില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യ തലസ്ഥാനത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ മങ്കിപോക്സ് കേസാണിത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഒന്‍പത് മങ്കിപോക്സ് കേസുകളാണ്. അതേസമയം വയനാട് ജില്ലയില്‍ മങ്കി പോക്സ് സംശയത്തോടെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിക്ക് രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് രോഗമില്ലെന്ന് കണ്ടെത്തിയത്. ഇതോടെ യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
കൊവിഡ് പ്രതിരോധത്തിന് സ്വീകരിച്ചതിന് സമാനമായ മാര്‍ഗ്ഗങ്ങളിലൂടെ മങ്കി പോക്സ് പ്രതിരോധവും നടപ്പിലാക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതിനിടെ മങ്കി പോക്‌സ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാല അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അധര്‍ പുനെവാലയുടെ പ്രതികരണം. നേരത്തെ ഐസിഎംആര്‍ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനുള്ളിലാണ് താത്പര്യ പത്രം നല്‍കേണ്ടത്. കേരളത്തില്‍ മരിച്ചയാള്‍ ഉള്‍പ്പടെ 8 പേര്‍ക്കാണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ താമസിക്കുന്ന മറ്റൊരു നൈജീരിയന്‍ സ്വദേശിക്ക് കൂടി മങ്കി പോക്സ് സ്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനത്തെ രോഗികളുടെ എണ്ണം മൂന്നായി.
മങ്കിപോക്സ് പ്രതിരോധത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നുണ്ട്. രോഗം പകരാതിരിക്കാന്‍ മങ്കിപോക്സ് സ്ഥിരീകരിച്ചവരെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തിലാക്കണമെന്നതാണ് ഇതില്‍ പ്രധാനം. സോപ്പും, സാനിറ്റൈസറും കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുക, രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ വരുമ്ബോള്‍ കൈയ്യുറയും മാസ്കും ധരിക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവര്‍ പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണം. മങ്കിപോക്സുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

