‘ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് സമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്’; ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തത് സര്‍വീസ് നടപടികളുടെ ഭാഗമാണെന്നും പൗരസമൂഹത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറഞ്ഞു. ന്യായമായ വിയോജിപ്പുകളെ എല്‍ഡിഎഫ് അസഹിഷ്ണതയോടെ തള്ളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോണ്‍ഗ്രസിന്റെ കരിങ്കൊടി’ എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ നിലപാട് പേജില്‍ എഴുതുന്ന ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
‘പത്രപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടികളുടെ ഭാഗമായിട്ടാണ് ആലപ്പുഴ കളക്ടര്‍ ആക്കിയത്. എന്നാല്‍ അതില്‍ പൗരസമൂഹത്തിന് എതിര്‍പ്പുണ്ടായി. ഈ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാകുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ല എന്നാണ്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമര കോലാഹോലാഹലങ്ങള്‍ക്ക് മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല.’- തുടങ്ങിയ വാക്കുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തെ ന്യായീകരിക്കുന്നത്.
കോണ്‍ഗ്രസുകാര്‍ വിവിധ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുകയും മറ്റും ചെയ്യുന്ന സമരരീതി തുടരുകയാണ്. ഇതൊരു ബിജെപി കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമാണ് എന്ന് സ്ഥാപിക്കാനാണ് ദേശാഭിമാനിയില്‍ പ്രധാനമായും കോടിയേരി പറയുന്നത്. എന്നാല്‍ ജനാധിപത്യപരമായ സമരങ്ങളോടൊന്നും സര്‍ക്കാരിന് എതിര്‍പ്പില്ല എന്ന വാദമുഖവും അദ്ദേഹം ഉന്നയിക്കുന്നു.

