KSDLIVENEWS

Real news for everyone

കോമണ്‍വെല്‍ത്ത് ഗെയിംസ്; മലയാളിതാരം എം.ശ്രീശങ്കറിന് വെള്ളി, ചരിത്രനേട്ടം

SHARE THIS ON

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കര്‍. ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡല്‍ നേടാനാകുന്നത്.

8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേടിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലഖ്വന്‍ നയ്രന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലഖ്വനെ ജേതാവാക്കി. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി.

ലോങ്ജംപില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനത്തായി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാന്‍ വാന്‍ വൂറന്‍ (8.06 മീ.) വെങ്കലം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!