KSDLIVENEWS

Real news for everyone

രണ്ട് അപ്രതീക്ഷിത രാജികൾ : സംസ്ഥാന കോൺഗ്രസിൽ നീറിപ്പുകഞ്ഞ് അസ്വസ്ഥത

SHARE THIS ON

തിരുവനന്തപുരം: ജംബോ പട്ടികയുമായി കെ.പി.സി.സി പുന:സംഘടന ഒരു വിധം പൂര്‍ത്തിയാക്കാനായെങ്കിലും, പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാനും കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷ പദവിയില്‍ നിന്ന് കെ. മുരളീധരനും ഒഴിഞ്ഞത് സംസ്ഥാന കോണ്‍ഗ്രസില്‍ നീറിപ്പുകയുന്ന അസ്വസ്ഥതയുടെ പ്രതിഫലനമായി പുന:സംഘടനാ പാക്കേജനുസരിച്ച്‌ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എം.എം. ഹസ്സനെ പരിഗണിക്കണമെന്ന ശുപാര്‍ശ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരുന്നെങ്കിലും രാജിക്കില്ലെന്ന നിലപാടിലായിരുന്നു ബെന്നി ബെഹനാന്‍. അപ്രതീക്ഷിതമായി രാജിക്ക് ഇന്നലെ അദ്ദേഹം തയാറായത്, എ ഗ്രൂപ്പിനകത്തെ അതൃപ്തിയെ തുടര്‍ന്നാണെന്നാണ് സൂചന. പ്രചാരണ സമിതി അദ്ധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടും, കെ.പി.സി.സിയിലെ നിര്‍ണായക കൂടിയാലോചനകളൊന്നും തന്നെ അറിയിക്കാത്തതിലുള്ള അതൃപ്തിയാണ് മുരളീധരന്റെ രാജിക്ക് പിന്നില്‍. അലങ്കാരത്തിനൊരു പദവി കൊണ്ട് കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. കെ.പി.സി.സിയില്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നാണ്. യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന തോന്നലായപ്പോള്‍ കേരളക്കാര്യത്തില്‍ അടുപ്പിക്കുന്നില്ലെന്ന പരിഭവം മുരളിക്കുണ്ട്. തന്റെ നീരസമറിയിക്കാനാണ് കെ.പി.സി.സി പ്രസിഡന്റിനെപ്പോലും ഇരുട്ടില്‍ നിറുത്തി മുരളീധരന്‍ ഹൈക്കമാന്‍ഡിന് രാജിക്കത്തയച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നിക്ക് പകരം ഹസനെ മുന്നണി കണ്‍വീനറാ ക്കണമെന്ന ശുപാര്‍ശ സംസ്ഥാനനേതൃത്വം കൈമാറിയത് ഉമ്മന്‍ ചാണ്ടിയുടെയും അറിവോടെയാണ്. കെ.പി.സി.സി പുന:സംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡത്തിന് മുല്ലപ്പള്ളി നിര്‍ബന്ധം പിടിച്ചപ്പോഴേ ,എം.പിയായ ബെന്നി കണ്‍വീനര്‍ സ്ഥാനമൊഴിയണമെന്ന വാദഗതികളുയര്‍ന്നിരുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന പി.പി. തങ്കച്ചനെ മാറ്റി ,എ ഗ്രൂപ്പിലെ ബെന്നിയെ കണ്‍വീനറാക്കുന്നതിനോട് നേരത്തേ ഐ ഗ്രൂപ്പിന് യോജിപ്പില്ലായിരുന്നു.. പിന്നീട് ശാരീരിക വൈഷമ്യങ്ങളെ തുടര്‍ന്ന് തങ്കച്ചന്‍ പിന്മാറിയപ്പോള്‍ ബെന്നി കണ്‍വീനറായി.. സാമുദായിക സമവാക്യവും നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതുമാണ് ബെന്നിയെ തുണച്ചത്.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തെത്തി മൂന്നര വര്‍ഷമായിട്ടും അവിടെയിരുന്ന് ഒന്നും ചെയ്യാനായിട്ടില്ലെന്നാണ് ബെന്നി ബെഹനാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. പൊതുവില്‍ അദ്ദേഹം വരിഞ്ഞുമുറുക്കപ്പെട്ട നിലയിലായി പലപ്പോഴും. സ്വന്തം ഗ്രൂപ്പ് താല്പര്യം പോലും സംരക്ഷിക്കാനാകാത്ത നിസ്സഹായാവസ്ഥയിലെത്തിയത് ഗ്രൂപ്പിനകത്ത് അതൃപ്തിക്കിടയാക്കി. ജോസ് കെ.മാണി വിഭാഗം മുന്നണി വിടുന്നതിലേക്ക് നയിച്ചത് കണ്‍വീനറുടെ പ്രഖ്യാപനത്തിലെ പാളിച്ചയാണെന്ന വിമര്‍ശനം മുന്നണിക്കുള്ളിലുയര്‍ന്നിരുന്നു. മുന്നണി യോഗ തീരുമാനങ്ങള്‍ കണ്‍വീനര്‍ വിശദീകരിക്കുന്ന രീതിക്കും ബെന്നി വന്നശേഷം മാറ്റമുണ്ടായി. യു.ഡി.എഫ് ചെയര്‍മാനായ പ്രതിപക്ഷ നേതാവാണ് നിര്‍ണായക തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ അറിയിച്ചത്.

യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹനാന്‍ ഒഴിഞ്ഞു

കൊച്ചി: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതായി ബെന്നി ബെഹനാന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീരുമാനം വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് താന്‍ തുടരുന്നത് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ വേദനിപ്പിച്ചു. പുകമറയില്‍ തുടരാന്‍ താത്പര്യമില്ല. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചാണ് സ്ഥാനം ഒഴിയുന്നത്. കെ.പി.സി.സി പുനഃസംഘടനയിലെ പാക്കേജ് പ്രകാരമാണ് തന്നെ ഹൈക്കമാന്‍ഡ് യു.ഡി.എഫ് കണ്‍വീനറായി നിയോഗിച്ചത്. സ്ഥാനം സംബന്ധിച്ച്‌ ഉമ്മന്‍ ചാണ്ടിയുമായുള്‍പ്പെടെ വിയോജിപ്പെന്ന തെറ്റായ പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ മാദ്ധ്യമങ്ങളില്‍ വന്നു. അതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ അപസ്വരമുണ്ടാകാതിരിക്കാനാണ് തീരുമാനം. സ്ഥാനമല്ല, പ്രവര്‍ത്തനമാണ് വലുത്. ഒരു വര്‍ഷത്തോളം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനോ ഘടകകക്ഷികള്‍ക്കോ വിയോജിപ്പില്ല. പുതിയ കണ്‍വീനറെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞു

തിരുവനന്തപുരം: കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ. മുരളീധരന്‍ എം.പി രാജി വച്ചു. ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണ് രാജി വയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില്‍ മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍, തന്നോട് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന പരിഭവമാണ് മുരളീധരന്റെ രാജിക്ക് പിന്നിലെന്ന് സൂചനയുണ്ട്.മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി നിയോഗിച്ച വേളയിലാണ് മുരളീധരനെയും പ്രചരണസമിതി അദ്ധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ചത്. പ്രസിഡന്റിനൊപ്പം നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് അന്ന് പ്രഖ്യാപിക്കുകയുണ്ടായി. പിന്നീട് കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡത്തിനായി മുല്ലപ്പള്ളി സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി. വൈസ് പ്രസിഡന്റുമാരെയും ജനറല്‍സെക്രട്ടറിമാരെയും നിശ്ചയിച്ച വേളയില്‍ ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡം ഏറെക്കുറെ ഉറപ്പുവരുത്താനുമായി. എന്നാല്‍ എം.പി പദവിയിലിരിക്കുന്ന വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പാര്‍ട്ടി പദവികളൊഴിയാന്‍ തയാറായിരുന്നില്ല. പ്രചരണസമിതി അദ്ധ്യക്ഷസ്ഥാനമൊഴിയണമെന്ന് മുരളീധരനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നില്ല. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്നുവന്ന ബെന്നി ബെഹനാനും ഇന്നലെ കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!