സല്‍മാന്‍ റുഷ്ദിയെ അക്രമി കുത്തിയത് 15 തവണ; നടുക്കമുണ്ടാക്കിയ സംഭവം വിവരിച്ച് ദൃക്‌സാക്ഷി

ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് ആക്രമണത്തിനിരയായ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. പരിപാടി നടക്കുന്നതിനിടെ പെട്ടെന്ന് അക്രമി സ്റ്റേജിലേക്ക് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. പരിപാടിയുടെ ഭാഗമായ ഒരു സ്റ്റണ്ട് ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് ദൃക്‌സാക്ഷികളിലൊരാളായ റാബി ചാള്‍സ് സാവ്‌നോര്‍ പറയുന്നു.
20 സെക്കന്റോളം അക്രമി റുഷ്ദിയെ ആക്രമിച്ചു. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ചാണ് അക്രമി എത്തിയതെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ കാതലിന്‍ ജോണ്‍സ് പറഞ്ഞു. 2500ല്‍പ്പരം ആളുകളാണ് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നത്. സംഭവം നടന്നതിന് പിന്നാലെ നിരവധി ആളുകള്‍ സഹായിക്കുന്നതിനായി എത്തിയെങ്കിലും സംഘടകര്‍ സ്ഥിതി നിയന്ത്രിച്ചു. ഹെലികോപ്റ്ററില്‍ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂയോര്‍ക്ക് പോലീസ് ട്വീറ്റ് ചെയ്തു. അന്വേഷണത്തിന് എല്ലാ സഹായവും ഉണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ അറിയിച്ചു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

