KSDLIVENEWS

Real news for everyone

ആണവ കരാര്‍ തീരുമാനം ഉടന്‍; ഇറാന്‍ രേഖാമൂലം പ്രതികരണം കൈമാറി

SHARE THIS ON

ടെഹ്റാന്‍: ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ സമര്‍പ്പിച്ച പുതിയ നിര്‍ദേശത്തില്‍ ഇറാന്‍ രേഖാമൂലം പ്രതികരണം കൈമാറി. ഉപരോധം പൂര്‍ണമായും നീക്കം ചെയ്യുക, ഏതെങ്കിലും രാജ്യം കരാര്‍ ലംഘിച്ചാല്‍ വന്‍തുക നഷ്ട പരിഹാരം നല്‍കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ മുന്നോട്ടു വെച്ചതായാണ് വിവരം. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാന്റെ പ്രതികരണം വിലയിരുത്തി വരികയാണ്.

2015ലെ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുതകുന്ന ഏറ്റവും പുതിയ നിര്‍ദേശത്തോട് യാഥാര്‍ഥ്യബോധം കലര്‍ന്ന പ്രതികരണമാണ് തങ്ങള്‍ കൈമാറിയ രേഖയിലുള്ളതെന്ന് ഇറാന്‍ അറിയിച്ചു. അമേരിക്കയാണ് ഇനി തീരുമാനം കൈക്കൊള്ളേണ്ടതെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രതികരണം വിശദമായി പരിശോധിച്ചു വരികയാണെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. കരാര്‍ പുന:സ്ഥാപിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയനും പ്രതികരിച്ചു.

പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് അഭിപ്രായ ഭിന്നത രൂപപ്പെട്ടിരുന്നത്. അവയില്‍ കാര്യമായ ചില വിട്ടുവീഴ്ചകള്‍ക്ക് ഇറാന്‍ സന്നദ്ധമായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഒപ്പുവെച്ച രാജ്യം പിന്‍വാങ്ങിയാല്‍ നഷ്ടപരിഹാര പാക്കേജ് വേണമെന്ന ഇറാന്റെ നിര്‍ദേശത്തോട് അമേരിക്ക എന്തു നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച വിയന്നയില്‍ ചേരുന്ന മന്ത്രിതല സമിതി യോഗത്തിലുണ്ടായേക്കും. ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം എണ്ണവിപണി ഉള്‍പ്പെടെ പല മേഖലകളിലും നിര്‍ണായകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!