KSDLIVENEWS

Real news for everyone

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: കോണ്‍ഗ്രസുകാരെ പ്രതിയാക്കാന്‍ പൊലീസ് ശ്രമമെന്ന് ടി സിദ്ധിഖ്

SHARE THIS ON

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസുകാരെ പ്രതിയാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ്.

നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ച്‌ കയറിയെന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് വീടുവളഞ്ഞ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കുന്നതെന്ന് ചോദിച്ച എംഎല്‍എ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പുറത്തു നില്‍ക്കുകയാണെന്നും പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഭരണ തലത്തില്‍ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് കല്‍പറ്റയിലെ ഓഫീസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോര്‍ട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോര്‍ട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയില്‍ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്നായിരുന്നു ഉയര്‍ന്ന ആരോപണം.

സമരത്തിന് ശേഷം 25 എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്ബോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ 3.59ന് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരല്‍ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫര്‍ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫീസിനുള്ളില്‍ കോണ്‍ഗ്രസ് , യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമാണുള്ളത്. ഈ സമയത്ത് പകര്‍ത്തിയ ഫോട്ടോയില്‍ ഓഫിസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

കേസില്‍ 29 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജൂലൈ ആറിന് കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേര്‍ ജൂണ്‍ 26 നാണ് അറസ്റ്റിലായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് അന്ന് പാര്‍ട്ടി പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരും വലിയ വരവേല്‍പ്പാണ് നല്‍കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!