KSDLIVENEWS

Real news for everyone

ഒന്നിലേറെ വിവാഹം: മുസ്‌ലിം പുരുഷന്മാരുടെ അവകാശത്തില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതി

SHARE THIS ON

കൊച്ചി | മുസ്‌ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം കഴിക്കാനുള്ള പുരുഷന്മാരുടെ അവകാശത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ മൊഴി ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതില്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ത്വലാഖുകള്‍ ചൊല്ലിയ ശേഷം മൂന്നാമത്തെ ത്വലാഖ് ചൊല്ലുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്റെ ഭാര്യ നേരത്തേ ചവറ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കുടുംബ കോടതി, മൂന്നാം ത്വലാഖ് ചൊല്ലുന്നതില്‍ നിന്ന് ഹര്‍ജിക്കാരനെ വിലക്കി. വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹരജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു.

കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിച്ച ബഞ്ച്, വ്യക്തി നിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയില്‍ നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതികളുടെ അധികാരം പരിമിതമാണ്. വ്യക്തി നിയമ പ്രകാരം ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം വിവാഹങ്ങള്‍ ആകാം. ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത്, പൗരന് ഭരണഘടന നല്‍കുന്ന അവകാശങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. കുടംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!