KSDLIVENEWS

Real news for everyone

നീലേശ്വരത്ത് സ്കൂൾ വിദ്യാർഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു

SHARE THIS ON

നീലേശ്വരം ∙ തെരുവു നായ ശല്യത്തിൽ പൊറുതിമുട്ടിയ നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിക്ക് തെരുവു നായയുടെ കടിയേറ്റു. മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി തൈക്കടപ്പുറം സീറോഡിലെ അമേയ (8)ക്കാണ് കടിയേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. തൈക്കടപ്പുറത്തെ സുമേഷ്- സോണിയ ദമ്പതികളുടെ മകളാണ് അമേയ. തൈക്കടപ്പുറം മേഖലയിൽ തെരുവു നായശല്യം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

വീടിനു പുറത്ത് അഴിച്ചുവയ്ക്കുന്ന പാദരക്ഷകൾ കടിച്ചെടുത്തു കൊണ്ടുപോകുന്നതും കടിച്ചു കീറി നശിപ്പിക്കുന്നതും വീടിനു പുറത്തു വയ്ക്കുന്ന ഇരുചക്ര വാഹനങ്ങളുടെ സീറ്റും മറ്റും തെരുവുനായക്കൂട്ടം മാന്തിക്കീറി നശിപ്പിക്കുന്നതും പതിവാണെന്നു പ്രദേശവാസികൾ പറയുന്നു. തീരദേശ മേഖലയിലെ പ്രധാന ജംക്‌ഷനുകളാണ് തെരുവുനായക്കൂട്ടങ്ങൾ കയ്യടക്കിയത്. തൈക്കടപ്പുറത്ത് രാപകലില്ലാതെ തെരുവുനായ ശല്യമുണ്ട്. നഗരസഭയുടെ തീരദേശ മേഖലയിലെ തെരുവുനായശല്യം എല്ലാ കൗൺസിൽ യോഗങ്ങളിലും ചർച്ചയാകാറുണ്ട്.


ഓരോ കൗൺസിലിലും ഇക്കാര്യം ആവർത്തിക്കുന്ന തീരദേശ കൗൺസിലർമാർ പരിഹാസ്യരാകുന്നതല്ലാതെ പ്രശ്നപരിഹാരത്തിനു നഗരസഭ ഇടപെടുന്നില്ലെന്നു കുറ്റപ്പെടുത്തൽ ഉയർന്നിട്ടുണ്ട്. നേരത്തെ നഗര മേഖലയിൽ തെരുവുനായശല്യം രൂക്ഷമായപ്പോൾ എബിസി യൂണിറ്റിന്റെ മൊബൈൽ യൂണിറ്റ് എത്തിച്ച് നായകളെ പിടികൂടി വന്ധ്യംകരിച്ചതോടെയാണ് തെരുവുനായശല്യം കുറച്ച് അടങ്ങിയത്. ഇക്കുറിയും ഈ പദ്ധതിക്കു തുക വച്ചിട്ടുണ്ടെന്നും തെരുവുനായ ശല്യത്തിനു നേരെ നഗരസഭ കണ്ണടക്കുന്നുവെന്നത് രാഷ്ട്രീയ ലാക്കുള്ള ആരോപണം മാത്രമാണെന്നും ചെയർപഴ്സൺ ടി.വി.ശാന്ത പറഞ്ഞു.

നീലേശ്വരം ∙ പത്രപ്രവർത്തകന് തെരുവുനായയുടെ കടിയേറ്റു. ജനയുഗം നീലേശ്വരം ലേഖകൻ പള്ളിക്കര ചെമ്മാക്കരയിലെ സി.രാഘവനാണ് ബസ് സ്റ്റാൻഡിൽ അലഞ്ഞുതിരിയുകയായിരുന്ന തെരുവു നായ കടിച്ചത്. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!