KSDLIVENEWS

Real news for everyone

റിവേഴ്സ് ഗിയറില്‍ 16 കിലോമീറ്റര്‍! ചന്ദ്രമൗലി തകര്‍ത്തത് മലയാളിയുടെ റെക്കോര്‍ഡ്

SHARE THIS ON

സേലം: റിവേഴ്സ് മോഡില്‍ വാഹനമോടിച്ച്‌ പുതിയ റെക്കോര്‍ഡിട്ട് തമിഴ്‌നാട് സ്വദേശി. തമിഴ്‌നാട്ടിലെ സേലം ജില്ല സ്വദേശിയായ ചന്ദ്രമൗലി എന്ന 35 കാരനാണ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച എടപ്പാടി ബൈപ്പാസിലാണ് ഇദ്ദേഹം റിവേഴ്‌സ് ഗിയറില്‍ വണ്ടിയോടിച്ച്‌ റെക്കോര്‍ഡിട്ടത്. 16 കിലോമീറ്ററും 140 മീറ്ററുമാണ് റിവേഴ്സ് ഗിയറില്‍ അദ്ദേഹം കാര്‍ ഓടിച്ചത്.29 മിനിറ്റും 10 സെക്കന്‍ഡും കൊണ്ടാണ് ഈ ദൂരം പൂര്‍ത്തിയാക്കിയത്.മറ്റ് യാത്രക്കാരുടെ കൂടെ സുരക്ഷകണക്കിലെടുത്ത് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു വാഹനമോടിച്ചത്.

പത്തനംതിട്ട സ്വദേശിയായ 22 കാരനായ ടെസന്‍ തോമസിന്റെ റെക്കോര്‍ഡാണ് ചന്ദ്രമൗലി തന്റെ പേരിലാക്കിയത്. 30 മിനിറ്റ് കൊണ്ട് 14.2 കിലോമീറ്ററാണ് തോമസ് വാഹനമോടിച്ചിരുന്നത്. പുതിയ റെക്കോര്‍ഡിന് പിന്നാലെ രാഷ്ട്രീയക്കാരുള്‍പ്പെടെ നിരവധി പേര്‍ ചന്ദ്രമൗലിയെ പ്രശംസിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

ചെറുപ്പം മുതലേ വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും ഇഷ്ടമുള്ളയാളാണ് ചന്ദ്രമൗലി. സുരക്ഷയുടെ പ്രാധാന്യം ചെറുപ്പക്കാര്‍ മനസ്സിലാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നുവെന്ന് ചന്ദ്രമൗലി പറഞ്ഞു. യുവാക്കള്‍ പൊതുനിരത്തുകളില്‍ ഇരുചക്രവാഹനങ്ങളോ ഫോര്‍ വീലറോ ഉപയോഗിച്ച്‌ സ്റ്റണ്ടിങും അഭ്യാസപ്രകടനവും നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഇത്തരം സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സമാനമായ നേട്ടം കൈവരിച്ച മറ്റ് ആളുകളുമുണ്ട്. അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ ‘കബ്’ കീനും ജെയിംസ് ‘വില്‍ബര്‍’ റൈറ്റും റിവേഴ്‌സ് ഗിയറില്‍ വാഹനമോടിച്ച്‌ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. 1984 ആഗസ്റ്റ് 1 നും സെപ്റ്റംബര്‍ 6 നും ഇടയില്‍ 37 ദിവസം ഇരുവരും 14,534 കിലോമീറ്ററാണ് റിവേഴ്‌സ് ഗിയറില്‍ വാഹനം ഓടിച്ചത്. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലൂടെയും കാനഡയുടെ ചില ഭാഗങ്ങളിലൂടെയുമാണ് കീനും റൈറ്റും വാഹനമോടിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!