എന്‍.ഐ.എ. റെയ്ഡ്: നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്എന്‍.ഐ.എ. റെയ്ഡ്: നാളെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട്: വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം. ബുധനാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എന്‍.ഐ.എ. പരിശോധന. ദേശീയ ചെയര്മാന് ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം 106 പേരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്ന് 22 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്

