KSDLIVENEWS

Real news for everyone

സൈന്യത്തിലിറങ്ങേണ്ടി വരുമോ? കൂട്ടത്തോടെ റഷ്യ വിടാന്‍ ജനം, വിമാന ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

SHARE THIS ON

മോസ്‌കോ: നിര്‍ബന്ധിത സൈനിക സേവനം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കൂട്ടത്തോടെ രാജ്യം വിടാന്‍ റഷ്യക്കാര്‍.റഷ്യയില്‍നിന്ന് വിദേശ രാഷ്ട്രങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളെല്ലാം ഒറ്റ ദിവസത്തിനുള്ളില്‍ വിറ്റുതീര്‍ന്നു. അര്‍മീനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍, കസാഖിസ്താന്‍ എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ ടിക്കറ്റുകളാണ് വിറ്റവയെല്ലാം. ബഹുഭൂരിപക്ഷവും തിരിച്ച്‌ ടിക്കറ്റെടുത്തിട്ടില്ല.

ശനിയാഴ്ച വരെ ഇസ്താംബൂളിലേക്കുള്ള എല്ലാ ടിക്കറ്റുകളും ബുക്കു ചെയ്യപ്പെട്ടതായി തുര്‍ക്കിഷ് എയര്‍ലൈന്‍സ് വെളിപ്പെടുത്തി. അതിനിടെ, 18നും 65നും ഇടയിലുള്ള പൗരന്മാര്‍ക്ക് വിമാനടിക്കറ്റ് നല്‍കരുതെന്ന് ഗവണ്‍മെന്റ് ആവശ്യപ്പെട്ടതായി നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റു ചെയ്തു. ഹൗ ടു ലീവ് റഷ്യ (എങ്ങനെ റഷ്യ വിടാം) എന്ന കീവേഡ് ഗൂഗ്‌ളില്‍ ടോപ് ട്രന്‍ഡിങ്ങായി.

യുക്രൈനെതിരെയുള്ള പോരാട്ടത്തില്‍ കൂടുതല്‍ പേര്‍ അണിനിരക്കണമെന്ന് ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ അണി നിരക്കാന്‍ മുപ്പത് ലക്ഷം പേരെ വിളിക്കുമെന്നാണ് പുടിന്റെ പ്രസംഗ ശേഷം പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു അറിയിച്ചിരുന്നത്. പാര്‍ഷ്യല്‍ മൊബിലൈസേഷന്‍ (നിശ്ചിത ശതമാനം പേര്‍ സൈന്യത്തിന്റെ ഭാഗമാകല്‍) ആവശ്യമാണ് എന്നായിരുന്നു പുടിന്‍ പറഞ്ഞിരുന്നത്.

ഫെബ്രുവരി 24നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം ഏഴു മാസം പിന്നിടുമ്ബോള്‍ യുക്രൈനിലെ പല സ്ഥലങ്ങളില്‍നിന്നും വിദേശ സേനയ്ക്ക് പിന്മാറേണ്ടി വന്നിട്ടുണ്ട്. സൈനിക തിരിച്ചടി നേരിട്ടതോടെ കിഴക്കന്‍-തെക്കുകിഴക്കന്‍ യുക്രൈനില്‍ ഹിതപരിശോധന നടത്താന്‍ റഷ്യ ഒരുങ്ങുന്നുണ്ട്. റഷ്യയുടെ ഭാഗമാകണോ എന്ന് തീരുമാനിക്കാന്‍ നടത്തുന്ന ഹിതപരിശോധന വെള്ളിയാഴ്ച ആരംഭിക്കും. വോട്ടെടുപ്പ് ഫലം അനുകൂലമായാല്‍ യുക്രൈനിന്റെ പതിനഞ്ചു ശതമാനം പ്രദേശം റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!