മഹ്സ അമിനിയുടെ മരണം: പ്രതിഷേധത്തിനിടെ ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 31 പേർ

ടെഹ്റാന്: മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തില്‍ ഇറാനില്‍ അലയടിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ 31 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
തങ്ങളുടെ മൗലികാവകാശങ്ങളും മാനുഷികപരമായ അന്തസ്സും നേടിയെടുക്കാന്‍ ഇറാനിയന്‍ ജനത തെരുവിലിറങ്ങിയിരിക്കുകയാണ്, അവരുടെ സമാധാനപരമായ പ്രതിഷേധത്തെ വെടിയുണ്ടകള്‍ കൊണ്ടാണ് ഭരണകൂടം നേരിടുന്നത് – ഇറാന് ഹ്യൂമന്‍ റൈറ്റ്സ് (IHR) ഡയറക്ടര്‍ മഹ്മൂദ് അമീറി മുഗദ്ദം പ്രസ്താവനയില്‍ അറിയിച്ചു. വടക്കന്‍ മസാന്‍ഡരന്‍ പ്രവിശ്യയിലെ അമോലില്‍ ബുധനാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ 11 പേരും ബാബോലില്‍ ആറ് പേരും കൊല്ലപ്പെട്ടതായി ഐഎച്ച്ആര്‍ പറഞ്ഞു.

