പോപ്പുലര്‍ ഫ്രണ്ട്: കള്ളപ്പണം വെളുപ്പിക്കാന്‍ മൂന്നാറില്‍ വില്ല പ്രോജക്ടെന്ന് ED കുറ്റപത്രം

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധം. പി.എഫ്.ഐ. നേതാക്കള്‍ക്കെതിരേ രണ്ടു കുറ്റപത്രങ്ങള്‍ ഇ.ഡി. സമര്‍പ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുള്‍ റസാഖ് പീടിയയ്ക്കല്‍, അഷറഫ് ഖാദിര്‍ എന്നിവര്‍ക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ഉള്‍പ്പെട്ട കേസാണ് മറ്റൊന്ന്.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാര്‍ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുര്‍ റഹ്മാന്, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പന് എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും പിന്നീട് ഉള്‍പ്പെടുത്തി.

