KSDLIVENEWS

Real news for everyone

ഏകാധിപതിയുടെ അന്ത്യം’; ഇറാന്‍ തെരുവുകളില്‍ മുദ്രാവാക്യവുമായി പ്രക്ഷോഭകര്‍, വിദേശ നിര്‍മ്മിതമെന്ന് ഭരണകൂടം

SHARE THIS ON

ടെഹ്റാന്‍ : ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‍സ അമീനി മരിച്ചതോടെ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുമ്ബോള്‍ മരണ സംഖ്യയും ഉയരുകയാണ്.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 75 ആയി. ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നടന്ന പ്രതിഷേധത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്ന മുദ്രാവാക്യം ഇറാനിലെ ഭരണകൂടത്തോടുള്ള ജനങ്ങളുടെ വെറുപ്പ് വ്യക്തമാക്കുന്നതാണ്. ‘ഏകാധിപതിയുടെ മരണം’ എന്ന മുദ്രാവാക്യമാണ് രാജ്യ തലസ്ഥാനത്ത് ഉയരുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടരുന്ന ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് തെരുവുകളില്‍ ഉയരുന്നത്.

ഇറാനിലെ പ്രധാന നഗരങ്ങളില്‍ നിന്ന് ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു കഴിഞ്ഞു. സെപ്തംബര്‍ 17 ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരും പ്രക്ഷോഭകരുമടക്കം 41 പേര്‍ മരിച്ചുവെന്ന കണക്കാണ് സ്റ്റേറ്റ് ടി വി പുറത്തുവിടുന്നത്. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി ആക്രമിക്കപ്പെട്ട് 22 കാരി കൊല്ലപ്പെട്ടതിന്റെ പേരിലാണ് പ്രക്ഷോഭം എന്നത് അംഗീകരിക്കാതെ വിദേശ ഗൂഢാലോചന എന്ന് പറഞ്ഞ് പ്രക്ഷോഭത്തെ തള്ളുകയാണ് ഇറാന്‍ ഭരണകൂടം ചെയ്യുന്നത്. വിദേശ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സാപ്പ്, ലിങ്ക്ഡ് ഇന്‍, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇറാന് പുറത്തേക്ക് പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ പുറത്തെത്തിക്കുന്നതിനെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭകര്‍ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയന്‍ സര്‍ക്കാര്‍ പറയുന്നത്. സ്ത്രീകള്‍ പൊതു നിരത്തില്‍ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച്‌ കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച്‌ മസ്‍തിഷ്ക മരണം സംഭവിച്ച്‌ കോമ അവസ്ഥയിലാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. മഹ്സയുടെ മരണത്തിന് പിന്നാലെ കുര്‍ദ് ജനസംഖ്യയുള്ള മേഖലകളില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് 50 ലേറെ നഗരങ്ങളിലേക്കും രാജ്യത്തുടനീളവും വ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ് ബന്ധം നിയന്ത്രിച്ചിരിക്കുകയാണ്.

പൊലീസ് വാഹനത്തില്‍ വെച്ച്‌ അമീനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!