KSDLIVENEWS

Real news for everyone

കാബൂളിലെ ടൂഷ്യന്‍ സെന്‍ററില്‍ സ്‌ഫോടനം; 19 പേര്‍ കൊല്ലപ്പെട്ടു, കൂടുതലും വിദ്യാര്‍ത്ഥികള്‍

SHARE THIS ON

കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ട്യൂഷന്‍ സെന്‍ററിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.

സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്‍റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ ഏറിയിരുന്നു. മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇരകളില്‍ കൂടുതലും പെണ്‍കുട്ടികളാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടക്കുമ്ബോള്‍ മുറിയില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി എഎഫ്‌പിയോട് പറഞ്ഞു.

കാജ് ട്യൂഷന്‍ സെന്‍റര്‍ ഒരു സ്വകാര്യ കോളേജാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനമുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്ന് പറഞ്ഞാണ് താലിബാന്‍ അധികാരത്തിലേറിയതെങ്കിലും പിന്നീട് ഈ നയത്തില്‍ നിന്നും താലിബാന്‍ പിന്മാറിയിരുന്നു. എങ്കിലും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്കൂളുകളിലും സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും അവകാശപ്പെട്ടിട്ടില്ല. സ്ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റതായി താലിബാന്‍റെ കാബൂള്‍ പൊലീസ് വക്താവ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകള്‍. ഇവരില്‍ ഭൂരിഭാഗവും ഷിയ മുസ്ലീങ്ങളായ ഹസാരകളാണ്. തീവ്രവാദ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നും (ഐഎസ്) സുന്നി ഇസ്ലാം അനുസരിക്കുന്ന താലിബാനില്‍ നിന്നും ദീര്‍ഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍. അക്രമണത്തെ അപലപിക്കുന്നതായി താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് ശത്രുവിന്‍റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാര്‍മ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുള്‍ നാഫി ടാക്കൂര്‍ പറഞ്ഞു.

“പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു മുറിയെ ലക്ഷ്യമിടുന്നത് ലജ്ജാകരമാണ്; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാധാനത്തോടെയും ഭയമില്ലാതെയും വിദ്യാഭ്യാസം തുടരാന്‍ കഴിയണം,” അഫ്ഗാനിസ്ഥാനിലേക്കുള്ള യുഎസ് മിഷനിലെ ചാര്‍ജ് ഡി അഫയര്‍ കാരെന്‍ ഡെക്കര്‍ ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം – താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിന് മുമ്ബ് – ദാഷ്-ഇ-ബാര്‍ച്ചിയിലെ ഒരു ഗേള്‍സ് സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുറഞ്ഞത് 85 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!