യു പി എസ് സി പരീക്ഷ ഒക്ടോബർ നാലിന് തന്നെ, നീട്ടാൻ ആകില്ലെന്ന് സുപ്രീംകോടതി

കൊവിഡ് പശ്ചാത്തലത്തിൽ യൂ പി എസ് സി പരീക്ഷ മാറ്റി വെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി . പരീക്ഷകൾ ഒക്ടോബർ 4 നു തന്നെ നടത്താനും കോടതി ഉത്തരവിട്ടു.രാജ്യത്തിന്റെ പലഭാഗങ്ങളിലുണ്ടായ കൊവിഡ് , വെളളപ്പൊക്കം എന്നിവ കണക്കിലെടുത്ത് ഒക്ടോബർ നാലിലെ പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികളായ 20 പേർ സമർപ്പിച്ച് പൊതുതാത്പര്യ ഹർജിയിൽ ആണ് കോടതി തള്ളിയത് . ഇതോടൊപ്പം 2020 – 21 വർഷത്തെ പരീക്ഷ ഒരുമിച്ചു നടത്തണം എന്ന വാദവും കോടതി നിരാകരിച്ചു.എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ ആദ്യത്തെ തവണ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു . പരീക്ഷയ്ക്കായി ഇതിനകം 50 കോടിയോളം രൂപ ചെലവായെന്നും പരീക്ഷ നടത്താൻ ഇനിയും കാലതാമസമുണ്ടായാൽ വലിയ നഷ്ടത്തിന് കാരണമാകുമെന്നും യു പി എസ് സി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു .

