KSDLIVENEWS

Real news for everyone

റഷ്യയുടെ ആണവഭീഷണി; ആശങ്ക മോദിയെ അറിയിച്ച്‌ യുക്രൈന്‍ പ്രസിഡന്റ്

SHARE THIS ON

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമര്‍ സെലെന്‍സ്‌കിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ നിലവിലെ സംഘര്‍ഷത്തെക്കുറിച്ച്‌ ഇരുവരും ചര്‍ച്ച ചെയ്തു. ശത്രുത അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തില്‍ ആവര്‍ത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയില്‍ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച്‌ യുക്രൈന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം.

യുക്രൈന്‍ അധിനിവേശം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പ്രഖ്യാപിച്ച്‌ രണ്ടാഴ്ച കഴിയും മുന്‍പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ രാഷ്ട്രത്തലവനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. “ശത്രുത അവസാനിപ്പിക്കണമെന്ന് മോദി സംഭാഷണത്തില്‍ ആവര്‍ത്തിച്ചു. സമവായത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെന്‍സ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവര്‍ത്തിച്ചു. സംഘര്‍ഷങ്ങളില്‍ സൈനിക നടപടികള്‍ പരിഹാരമുണ്ടാകില്ലെന്ന ഉറച്ച ബോധ്യം മോദി സംഭാഷണത്തില്‍ പ്രകടിപ്പിക്കുകയും, സമാധാന ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

യുക്രെെയ്നിലെ ആണവ കേന്ദ്രങ്ങള്‍ അപകടപ്പെടുത്തുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യ യുക്രെെയ്നില്‍ നിന്ന് “നാല് പുതിയ പ്രദേശങ്ങള്‍” കൂട്ടിച്ചേര്‍ക്കുമെന്ന് പുടിന്‍ പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ നിലനില്‍പ്പിനായി ആണവായുധം ഉപയോഗിക്കുമെന്ന് പുടിന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

റഷ്യ നാല് യുക്രേനിയന്‍ പ്രദേശങ്ങളില്‍ ജനഹിതപരിശോധന നടത്തി പിടിച്ചടക്കിയതിനെ അപലപിച്ച്‌ സെപ്തംബര്‍ 30-ന് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച കരട് പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ വിമര്‍ശനത്തിനിടയിലും റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ഉയര്‍ന്ന എണ്ണവില കുറയ്ക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച കരാര്‍ ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കുമെന്നും ഇന്ത്യ അത് തന്നെയാണ് ചെയ്യുന്നതെന്നും ഇന്ത്യ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിരുന്നു.

മഞ്ഞുവീഴ്ച്ച, രക്ഷാപ്രവര്‍ത്തനം നിര്‍ത്തി, രാവിലെ തുടങ്ങും, ഉത്തരാഖണ്ഡ് അപകടത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!