KSDLIVENEWS

Real news for everyone

ജില്ലാ ആശുപത്രി ഇന്നുമുതൽ കോവിഡ് ആശുപത്രി; ആദ്യം 100 കിടക്കകളോടെയുള്ള വാർഡും, അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കും

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രി വ്യാഴാഴ്ച മുതൽ കോവിഡ് ആസ്പത്രിയായി പ്രവർത്തിക്കും. തുടക്കത്തിൽ 100 കിടക്കകളുള്ള ഒരു വാർഡാണ് സജ്ജീകരിക്കുക. അഞ്ച് വെന്റിലേറ്ററുകൾ ഒരുക്കും. വാർഡിൽ കേന്ദ്രീകൃത ഒാക്സിജൻ വിതരണം ഉണ്ടാകും. കോവിഡ് ബാധിച്ച ഗർഭിണികളുടെ പ്രസവം ഉൾപ്പെടെയുള്ള ചികിത്സയ്ക്കും ഇവിടെ സൗകര്യമൊരുക്കും. ജില്ലാ ആസ്പത്രിയിലേ സേവനങ്ങൾ എട്ടിടങ്ങളിലേക്കായി മാറ്റപ്പെടുമ്പോൾ പൊതുജനങ്ങൾക്കുള്ള ആവലാതികളിലൊന്ന് യാത്രാസൗകര്യത്തെ കുറിച്ചാണ്. കിഴക്കൻ മലയോരത്തുനിന്നുൾപ്പെടെയുള്ള ആയിരത്തിലേറെപ്പേരാണ് ഒരുദിവസം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ ആസ്പത്രിയിലെത്തുന്നത്.

കാഞ്ഞങ്ങാട് ടൗണിൽനിന്ന് ജില്ലാ ആസ്പത്രിയിലേക്ക് ഇടയ്ക്കിടെ കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളുണ്ട്. ജനറൽ ഒ.പി., ഐ.പി. വിഭാഗങ്ങൾക്ക് വെള്ളരിക്കുണ്ടിൽ ഉൾപ്പെടെ നാലിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മറ്റുഭാഗങ്ങളിൽ നിന്നെത്തുന്നവരെല്ലാം മിക്കവാറും കാഞ്ഞങ്ങാട് ടൗണിലാണ് എത്തിച്ചേരുക.

എട്ടു കേന്ദ്രങ്ങളിലൊന്ന് കാസർകോട് ജനറൽ ആസ്പത്രിയും മറ്റൊന്ന് തൃക്കരിപ്പൂർ താലൂക്കാസ്പത്രിയുമാണ്. ജനറൽ ആസ്പത്രിയിൽ അത്യാഹിതവിഭാഗവും തൃക്കരിപ്പൂരിൽ ഡയാലിസിസുമാണ്. മറ്റു ആറു കേന്ദ്രങ്ങളിലേക്ക് സ്പെഷ്യൽ ബസ് സർവീസുകൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അത്‌ പ്രാവർത്തികമാക്കുന്നതിന്‌ ഇപ്പോൾ ജില്ലാ ആസ്പത്രിയിലേക്കുപോകുന്ന ബസുകളുടെ റൂട്ട് പരിഷ്കരിച്ചാൽ മാത്രം മതിയാകുമെന്നും അഭിപ്രായമുണ്ട്‌.കോവിഡിന്റെ അടിയന്തര സാഹചര്യം ഉൾക്കൊണ്ടാണ്‌ ജില്ലാ ആസ്പത്രിയെ കോവിഡ്‌ ആസ്പത്രിയാക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്‌. അതേ ഇടപെടൽ ജില്ലാ ആസ്പത്രിയിൽനിന്ന്‌ അടർത്തിമാറ്റിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക്‌ രോഗികളെ എത്തിക്കുന്നതിനും ഉണ്ടാകേണ്ടതുണ്ട്‌. പുതിയ ചികിത്സാകേന്ദ്രങ്ങൾ ബന്ധപ്പെടുത്തി സർക്കുലർ ബസ്‌ സർവീസ്‌ തുടങ്ങാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നാണ്‌ ആവശ്യം.

ഗുരുതരരോഗികൾക്ക്‌ ചികിത്സയൊരുക്കും

നിലവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലും ഒൻപതു സി.എഫ്.എൽ.ടി. കേന്ദ്രങ്ങളിലുമാണ്. അതിനുപുറമെ ചികിത്സയിലുള്ളവരിൽ 50 ശതമാനത്തോളം പേർ വീടുകളിലും കഴിയുന്നു. എന്നാൽ, കോവിഡ് ഗുരുതരമാകുന്നവരെ ചികിത്സിക്കാനിടമില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ നിറഞ്ഞു. ഇതോടെ ഇവിടെയുള്ള രോഗികളെ അവിടേക്ക് അയയ്ക്കാൻ നിർവാഹമില്ലാതായി. ഇതാണ് ജില്ലാ ആസ്പത്രിയെ അടിയന്തര പ്രാധാന്യത്തോടെ കോവിഡ് ആസ്പത്രിയാക്കാൻ തീരുമാനിച്ചത്‌. രണ്ട് സ്പെഷ്യാലിറ്റി ഡോക്ടർമാരെ കാണേണ്ടിവരുന്ന അവസ്ഥ പല രോഗികൾക്കും ഉണ്ടാകാറുണ്ട്. ഒ.പി. വിഭാഗം വിവിധയിടങ്ങളിലേക്ക്‌ മാറുമ്പോൾ ഇത്തരത്തിലുള്ള രോഗികൾക്ക് യാത്ര ക്ലേശകരമാകും. ചങ്ങലബന്ധംപോലെ ബസ് സൗകര്യമുണ്ടെങ്കിൽ വലിയതോതിൽ അത് ഉപകാരപ്പെടും പുതിയ സാഹചര്യത്തിൽ ജില്ലാ ആസ്പത്രി കോവിഡ് ആസ്പത്രിയാക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അങ്ങനെയാണെങ്കിൽ പുതിയ സാഹചര്യമെന്ന കണക്കിലുൾപ്പെടുത്തിത്തന്നെ യാത്രാസൗകര്യമൊരുക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും നീക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!