30,000 കോവിഡ് പരിശോധനകൾ പൂർത്തിയാക്കി പെരിയ കേന്ദ്രസർവകലാശാല

പെരിയ: കേരള കേന്ദ്ര സർവകലാശാല ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി ലാബിൽ 30,000 കോവിഡ് പരിശോധനകൾ പൂർത്തിയാക്കി. ജില്ലയിൽനിന്ന് ശേഖരിക്കുന്ന മുഴുവൻ സ്രവവും ആർ.ടി.പി.സി.ആർ. രീതി ഉപയോഗിച്ച് പരിശോധിക്കുന്നത് ഇവിടെയാണ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഏഴ് ഗവേഷകരും 13 ടെക്നീഷ്യൻമാരുമാണ് ജോലിയെടുക്കുന്നത്. ദിവസേന 400 മുതൽ 500 വരെ പരിശോധന നടക്കുന്നുണ്ട്. പരിശോധനാഫലങ്ങൾ ലഭിക്കുന്നതിനുളള കാലതാമസവും രോഗികളുടെ ക്വാറന്റീൻ കാലയളവ് കുറയ്ക്കാനും ഇത് സഹായിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പിന്തുണയോടെ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട അവസരത്തിൽതന്നെ കാമ്പസിനകത്തെ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി ലാബിൽ വൈറോളജി ലാബ് സ്ഥാപിച്ചിരുന്നു. കോവിഡ്-19 പരിശോധന നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സർവകലാശാലയാണ് സി.യു.കെ.
കാമ്പസിനോട് ചേർന്ന് സ്ഥിരം വൈറേളജി ലാബ് സജ്ജീകരിക്കുന്നതിനുളള അവസാനവട്ട ഒരുക്കത്തിലാണ് സർവകലാശാലാ അധികൃതർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വൈസ് ചാൻസലർ പ്രൊഫ. എച്ച്.വെങ്കിടേശ്വരലു, മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.ചന്ദ്രശേഖരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തിൽ നേരത്തെ ധാരണാപത്രം സി.യു.കെ.യും ആരോഗ്യവകുപ്പും കേരള സർക്കാരും തമ്മിൽ ഒപ്പുവെച്ചിരുന്നു.
ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി വകുപ്പ് മേധാവി ഡോ. രാജേന്ദ്രൻ പിലങ്കട്ടയ്ക്കാണ് ലാബിന്റെ ചുമതല. നിലവിൽ കേന്ദ്രസർക്കാരിന്റെ ബിരാക്, ഡി.ബി.ടി., മാഗ്ജെനോം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമായി ചേർന്ന് തൊണ്ടയിലൂടെയും ഉമിനീരിലൂടെയും കോവിഡ്-19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിന് കൂടുതൽ ശക്തമായ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സർവകലാശാലാ സംഘം.

