വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ അന്യേഷണം ;
വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനും അന്യ സംസ്ഥാനത്ത് ജോലി നഷ്ടപ്പെടാതിരിക്കാനും വേണ്ടി കോഴിക്കോട് കേന്ദ്രമായി കാസർഗോഡ് ജില്ലയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനം നല്‍കുന്ന വ്യാജ സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് അധികൃതർ

കാസര്‍കോട്: കൊവിഡ് ലക്ഷണമുള്ളവരെ വീടുകളില്‍ പോയും ലാബിലേക്ക് വിളിപ്പിച്ചും പരിശോധന നടത്തി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം നല്‍കുന്ന വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിമാനത്താവളം അധികൃതര്‍ മുന്നറിയിപ്പു നല്‍കി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താളം അധികൃതര്‍ ഇതുസംബന്ധിച്ച് കര്‍ക്കശനിലപാട് സ്വീകരിച്ചത്.
കാസര്‍കോട് ഡി.എം.ഒ ഡോ. എ.വി രാംദാസ് നല്‍കിയ പരാതിയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തുന്ന ലാബുകളില്‍ പരിശോധന നടത്തി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ സ്രവം എടുത്തു ടെസ്റ്റ് നടത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനാവില്ലെന്നാണ് മലബാറിലെ രണ്ടു വിമാനത്താവളം അധികൃതരും വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ കോഴിക്കോട് കേന്ദ്രത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഗള്‍ഫിലേക്ക് പറക്കാന്‍ എത്തിയ പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളില്‍ ഇരു വിമാനത്താവളങ്ങളിലും തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേരുടെ വിദേശ യാത്ര മുടങ്ങുകയും ചെയ്തു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഗള്‍ഫില്‍ എത്തിയ ശേഷം നടത്തിയ ടെസ്റ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തട്ടിപ്പ് വെളിച്ചത്തുവന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാബ് അടക്കം രാജ്യത്തെ നാല് ലാബുകള്‍ക്കെതിരെ സൗദി വിദേശകാര്യമന്ത്രാലയം നിലപാട് കടുപ്പിച്ചിരുന്നു. അനുമതിയില്ലാത്ത കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കേണ്ടെന്നായിരുന്നു നിര്‍ദ്ദേശം. സ്രവം എടുത്തശേഷം കൃത്യമായ പരിശോധന നടത്താതെ കൂടുതല്‍ തുക വാങ്ങി പ്രവാസികള്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടിച്ചു കൊടുക്കുന്നതായിരുന്നു ഇവരുടെ പതിവ്. ജോലി നഷ്ടപ്പെടാതിരിക്കാനും മറ്റ് അടിയന്തിര കാര്യങ്ങള്‍ക്കുമായി ഗള്‍ഫിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്താണ് ഇത്തരം സ്വകാര്യലാബുകളുടെ പ്രവര്‍ത്തനം.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കോഴിക്കോട്ടെ ലാബ് ഫ്രാഞ്ചൈസി തുടങ്ങിയത്. ഇവരുടെ മലപ്പുറത്തെ ഫ്രാഞ്ചസിയിലുള്ള ലാബ് 2500 പേരുടെ സ്രവം എടുത്ത ശേഷം കുറച്ചുപേരുടെ സ്രവം മാത്രം ടെസ്റ്റ് ചെയ്ത് മറ്റുള്ളവര്‍ക്ക് ടെസ്റ്റ് നടത്താതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, തൃക്കരിപ്പൂര്‍ കേന്ദ്രങ്ങളില്‍ അനുമതിയില്ലാതെ നടത്തിയ ടെസ്റ്റുകള്‍ സംബന്ധിച്ച് പൊലീസ് ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാബിന്റെ ഫ്രാഞ്ചൈസി തട്ടിപ്പിനെ കുറിച്ച് ലഭിച്ച പരാതിയില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റിന്റെ മറവിലുള്ള ഇത്തരം ഏര്‍പ്പാടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും
ഹരിശ്ചന്ദ്ര നായ്ക്ക്
( കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പി )

