KSDLIVENEWS

Real news for everyone

‘ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു, കയറി പിടിച്ചു’; ഗുരുതര ആരോപണവുമായി സ്വപ്ന, തനിക്കൊന്നും അറിയില്ലെന്ന് കടകംപള്ളി

SHARE THIS ON

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ലൈംഗികാരോപണത്തോടെ പ്രതികരിക്കാന്‍ തയ്യാറാകാതെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. സ്വപ്ന പറഞ്ഞതിനെക്കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ മന്ത്രിയായ കടകംപള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളിയെന്നും സ്വപ്ന തുറന്നടിച്ചു.

ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല. അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണ്‍ വഴി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും കടകംപള്ളി പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. തന്നെ റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു.

സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയില്‍ ചെയ്യാനും സാധിക്കുമായിരുന്നു. എന്നാന്‍ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. താന്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നാണെങ്കില്‍ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് സംസാരിക്കാന്‍ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു. ബോള്‍ഗാട്ടിയിലെ ഹയാത്ത് ഹോട്ടല്‍ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!