KSDLIVENEWS

Real news for everyone

ലോക്ഡൗണിൽ അടച്ചിട്ട റാണിപുരം സഞ്ചാരികൾക്കായി വീണ്ടും തുറന്നു

SHARE THIS ON

രാജപുരം : കോവിഡ് ലോക് ഡൗണില്‍ അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം ഇന്നു സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു. കഴിഞ്ഞ മാസത്തില്‍ ആദ്യം വനംവകുപ്പും പിന്നീട് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗവുമൊക്കെ കേന്ദ്രം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് കോര്‍ കമ്മിറ്റി യോഗം നേരത്തെ എടുത്ത തീരുമാനം അംഗീകരിച്ച് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പൂര്‍ണമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഞ്ചാരികള്‍ക്കു പ്രവേശനമെന്നു കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ് പറഞ്ഞു.

10 വയസിനു താഴെയുള്ളവരെയും 65 വയസിനു മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. വാഹനങ്ങള്‍ താഴെ നിര്‍ത്തി തെര്‍മല്‍ സ്‌കാനിങ് നടത്തി സാനിറ്റൈസര്‍ കൊടുക്കുന്നുണ്ട്. സഞ്ചാരികളെത്തുന്ന വാഹനങ്ങളും അണുവിമുക്തമാക്കുന്നതായും ഇതിന്റെ ചുമതലയുള്ള റാണിപുരം വനസംരക്ഷണ സമിതിയുടെ പ്രസിഡന്റ് എസ്.മധുസൂദനന്‍ പറഞ്ഞു. പാര്‍ക്കിങ് ഗ്രൗണ്ടിനു സമീപം ഇതിനായി പ്രത്യേകം പവലിയന്‍ തയ്യാറാക്കിയിട്ടുണ്ട്. അടച്ചിട്ടതിനു ശേഷം ഇവിടേക്കുള്ള നടവഴികള്‍ കാടുമൂടിയിരുന്നു. ഇതു വെട്ടിത്തെളിക്കുകയും ചെയ്തിട്ടുണ്ട്.

സഞ്ചാരികള്‍ക്കുള്ള ടിക്കറ്റ് നിരക്കിലും തല്‍ക്കാലം വര്‍ധനയില്ല. മുതിര്‍ന്നവര്‍ 25, വിദ്യാര്‍ഥികള്‍ 10, വിദേശികള്‍ 100 രൂപ എന്നിങ്ങനെയാണു നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!