യുക്രെയ്നിൽ റഷ്യയുടെ ഊർജ ഭീകരത; 45 ലക്ഷം ജനങ്ങൾക്ക് വൈദ്യുതിയില്ല

കീവ് ∙ യുക്രെയ്നിൽ റഷ്യയുടെ ‘ഊർജ ഭീകരത’യാണ് നടമാടുന്നതെന്നു പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയ്നിലെ ജനങ്ങളെ ഇരുട്ടിലാക്കി ആധിപത്യം നേടാനാണു റഷ്യയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വൈദ്യുതി നിലയങ്ങള്‍ക്കു നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു സെലെൻസ്കിയുടെ പരാമർശം.
റഷ്യൻ സേനയുടെ ആക്രമണത്തിൽ യുക്രെയ്നിലെ 45 ലക്ഷത്തോളം ജനങ്ങളാണു വൈദ്യുതിയില്ലാതെ പ്രയാസപ്പെടുന്നത്. നേരിട്ടുള്ള പോരാട്ടത്തിനു സാധിക്കാതെ വന്നതിനാലാണു റഷ്യ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അവരുടെ ദൗർബല്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സെലൻസ്കി വ്യക്തമാക്കി.

