മോദിയുടെ താമരപ്പാടം വാടില്ലെന്ന് ബിജെപി; കോൺഗ്രസിന് പകരമാകാനുറച്ച് കേജ്രിവാൾ

ബിജെപിയുടെ വാടാത്ത താമരപ്പാടമാണ് ഗുജറാത്ത്; മൂന്നു പതിറ്റാണ്ടോളമായി പാർട്ടിയുടെ കിരീടത്തിലെ പൊൻതൂവൽ. ഗുജറാത്ത് ഭരിച്ചവർതന്നെ രാജ്യഭരണവും കയ്യാളുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി അവിടെ ലക്ഷ്യമിടുന്നില്ല. മൂന്നു ദശകത്തോളം ബിജെപി– കോൺഗ്രസ് പോരാട്ടം നടന്ന സംസ്ഥാനത്ത് ഇത്തവണ വീറോടെ പോരാടുന്ന മറ്റൊരു കൂട്ടരുണ്ട്– ആം ആദ്മി പാർട്ടി (എഎപി). ത്രികോണ മത്സരത്തിന്റെ പൊടിപാറുമ്പോഴും ‘ഒരു താമര പോലും കൊഴിയില്ലെന്ന’ ആത്മവിശ്വാസത്തിലാണു ബിജെപി. തൂത്തുവാരുമെന്നു വെല്ലുവിളിച്ച് എഎപിയും നിലയുറപ്പിക്കുന്നു.
ഗുജറാത്തികളുടെ മനമറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ബിജെപിയുടെ തുറുപ്പുചീട്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഗുജറാത്തിൽ പലകുറി സന്ദർശനം നടത്തി കോടികളുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. അതെല്ലാം വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷയും. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലുമൊക്കെ സംഭവിച്ചതുപോലെ ഗുജറാത്തിലും മോദി മാജിക്കിൽ ഭരണവിരുദ്ധ വികാരം മാഞ്ഞുപോകുമെന്നാണു കണക്കുകൂട്ടൽ. എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യം കാര്യങ്ങൾ എളുപ്പമാക്കില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്.

