KSDLIVENEWS

Real news for everyone

ജി20 ലോഗോയില്‍ താമര: നാണമില്ലേയെന്ന് കോണ്‍ഗ്രസ്; രാജീവിന്റെ അര്‍ഥമെന്തെന്ന് തിരിച്ചടിച്ച് ബിജെപി

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷതവഹിക്കുന്ന ജി20 ഉച്ചകോടിയുടെ ലോഗോയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഇടംപിടിച്ചതിനെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. ഇത്തരത്തില്‍ സ്വയം പ്രചാരണം നടത്താന്‍ നാണമില്ലേയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയാണ് അധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രകാശനം ചെയ്ത ലോഗോയാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത്, ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിന്റെ പതാകയെ രാജ്യത്തിന്റെ പതാകയാക്കാനുള്ള നീക്കത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. ഇപ്പോള്‍ രാജ്യം അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ താമര ഇടംപിടിച്ചതില്‍ അത്ഭുതമില്ലെങ്കിലും ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. സ്വയം പ്രചാരംനല്‍കാന്‍ കിട്ടുന്ന ഒരവസരവും മോദിയും ബിജെപിയും പാഴാക്കില്ലെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. ഇതിന് നാണക്കേടെന്നല്ലാതെ മറ്റൊരു വിശേഷണമില്ല, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല രംഗത്തുവന്നു. താമര രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. താമരയാണ് ലക്ഷ്മി ദേവിയുടെ ഇരിപ്പിടം. ദേശീയപുഷ്പത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടോ?, ബിജെപി വക്താവ് ചോദിച്ചു. ഇനി ഇതിന്റെ പേരില്‍ നിങ്ങള്‍ കമല്‍ നാഥിന്‍റെ പേരിലെ ‘കമല്‍’ എടുത്ത് മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!