എ.ഐ.എ.ഡി.എം.കെ.യിലെ തർക്കം പരിഹരിക്കാൻ അമിത് ഷാ

ചെന്നൈ: പിളർപ്പ് നേരിടുന്ന എ.ഐ.എ.ഡി.എം.കെ.യിലെ ഭിന്നത പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടുന്നു. വെള്ളിയാഴ്ച ചെന്നൈയിൽ എടപ്പാടി പളനിസ്വാമി, ഒ. പനീർശെൽവം എന്നിവരുമായി ചർച്ചനടത്തും. ഇന്ത്യ സിമന്റ്സ് നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമിത് ഷാ ചെന്നൈയിൽ എത്തുന്നത്. ശനിയാഴ്ച നടക്കുന്ന പരിപാടിക്കുമുമ്പ് പളനിസ്വാമിയെയും പനീർശെൽവത്തെയും കാണും.
എന്നാൽ, പരിഹാര ചർച്ചകൾ നടക്കില്ലെന്നും സൗഹൃദസന്ദർശനം നടന്നേക്കുമെന്നുമാണ് എ.ഐ.എ.ഡി.എം.കെ.യിലെ ഇരുവിഭാഗവും ഇതേക്കുറിച്ച് പ്രതികരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് എ.ഐ.എ.ഡി.എം.കെ.യിലെ തർക്കത്തിന് പരിഹാരം കാണാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ദിനകരനെയും ശശികലയെയും ഒപ്പം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനോട് പനീർശെൽവത്തിന് അനുകൂല നിലപാടാണെങ്കിലും പളനിസ്വാമി തയ്യാറല്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ശശികല പക്ഷവുമായി കൈകോർക്കാൻ സാധിക്കാതെ വന്നതും പളനിസ്വാമിയുടെ എതിർപ്പുകാരണമായിരുന്നു. നിയമസഭയിൽ പരാജയം നേരിട്ടത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഇതേ ആവശ്യം ഉയർത്തുന്നത്.

