എയർ ഇന്ത്യയ്ക്ക് തിരിച്ചടി: യാത്രക്കാർക്ക് 988.25 കോടി നൽകണം; ഉത്തരവിട്ട് യുഎസ്

വാഷിങ്ടൻ∙ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യൻ ഡോളർ) യാത്രക്കാർക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൻ ഡോളർ) പിഴയായും നൽകാൻ ഉത്തരവിട്ട് യുഎസ്. വിമാന സർവീസ് റദ്ദാക്കിയ ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് യുഎസ് ഗതാഗത വകുപ്പിന്റെ നടപടി. പരിഗണിച്ചവയിൽ ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. ആകെ ആറ് എയർലൈനുകളിൽനിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ഈടാക്കുന്നത്.
റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മാത്രം ടിക്കറ്റ് തുക തിരിച്ചുനൽകുക എന്ന എയർ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിമാന സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാൽ അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് എയർ ഇന്ത്യ റീഫണ്ട് നൽകിയിരുന്നത്.

