കുവൈത്തില്‍ കൂട്ട വധശിക്ഷ നടപ്പാക്കിയ നടപടി; യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് കുവൈത്ത്

കുവൈത്തില്‍ ഏഴ് പേര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കിയ നടപടിയെ അപലപിച്ച യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് കുവൈത്ത്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
കുവൈത്ത് ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കോടതി തീരുമാനങ്ങളില്‍ കൈകടത്താറില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കുവൈത്തില്‍ ഒരുമിച്ച് ഏഴ് പേരെ വധശിക്ഷക്ക് വിധേയമാക്കിയത്. കൂട്ട വധശിക്ഷയെ അതി രൂക്ഷമായി അപലപിച്ച് യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു . എല്ലാ സാഹചര്യങ്ങളിലും വധശിക്ഷയെ യൂറോപ്യന്‍ യൂണിയന് ശക്തമായി എതിര്‍ക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന് മനുഷ്യാവകാശ കമ്മീഷന് വൈസ് പ്രസിഡന്റ് മാര്‍ഗരറ്റ് ഷിനാസ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനും കുവൈത്തും തമ്മില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മനുഷ്യാവകാശ ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമെന്ന് ഷിനാസ് വ്യക്തമാക്കി.
വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിനെ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളെ പുതിയ സംഭവ വികാസങ്ങള്‍ ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് കുവൈത്ത് അംബാസഡര്‍ക്ക് മുന്നറിയിപ്പ് നല്കി. നേരത്തെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലും വധശിക്ഷക്കെതിരെ രംഗത്ത് വന്നിരുന്നു. കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കുവൈത്ത് അധികാരികള്‍ക്ക് ബാധ്യതയുണ്ടെങ്കിലും പ്രതികളെ അന്താരാഷ്ട്ര നിയമം അനുസരിച്ച് വിചാരണ ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുവൈത്തിനോട് ആവശ്യപ്പെട്ടു.

