ബിഹാറില്‍ ഘോഷയാത്രയിലേക്ക് ട്രക്കിടിച്ചു കയറി കുട്ടികളടക്കം 12 പേര് മരിച്ചു

ഹാജിപൂര്‍: ബിഹാറിലെ വൈശാലി ജില്ലയില്‍ മതഘോഷയാത്രയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്കിടിച്ചു കയറി കുട്ടികളും സ്ത്രീകളുമടക്കം 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
വടക്കന്‍ ബിഹാര്‍ ജില്ലയിലെ ദേസ്രി പൊലീസ് സ്റ്റേഷന് പരിധിയില്‍, തലസ്ഥാനത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. രാത്രി 9 മണിയോടെ, ഘോഷയാത്ര ‘ഭൂമിയാ ബാബ’യോട് പ്രാര്‍ഥിക്കുന്നതിനായി റോഡരികിലെ അരയാല്‍ മരത്തിന് മുന്നില്‍ ഒത്തുകൂടിയപ്പോഴാണ് ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും അനുശോചിച്ചു. അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു.
ഒന്‍പത് പേരെങ്കിലും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചുവെന്ന് ആര്.ജെ.ഡി എം.എല്‍.എ മുകേഷ് റൗഷന്‍ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷണ് പറഞ്ഞു. പരിക്കേറ്റവരെ ഉടന്‍ തന്നെ ഹാജിപൂരിലുള്ള സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര് ആശുപത്രിയിലേക്കുള്ള മധ്യേയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ളവരെ പാറ്റ്നയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് ഘോഷയാത്ര നടത്തിയതെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു.

