TRS എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ഹൈദരാബാദ്: തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണിത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജഗ്ഗുസ്വാമിക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെ അന്വേഷിച്ച് തെലങ്കാന പോലീസിന്റെ പ്രത്യേക സംഘം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവില്‍പോയി. ഇയാളെ കണ്ടെത്താന്‍ കൊച്ചിയിലും കൊല്ലത്തും തെലങ്കാന പോലീസ് പരിശോധന നടത്തിയിരുന്നു. ഇയാളെ പരിചയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമുണ്ടായി. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ, ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.എല്‍ സന്തോഷ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ച് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിനാല്‍ ആരോപണത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷണസംഘം കാണുന്നത്. തുഷാര്‍ വെള്ളാപ്പള്ളി കേസില്‍ എത്രത്തോളം ബന്ധപ്പെട്ടിട്ടുണ്ട് എന്ന് വിശദമായി അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ടിആര്‍എസ് എംഎല്‍എമാരുമായി തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചെന്ന് അവകാശപ്പെടുന്നതാണ് ഓഡിയോ സന്ദേശം. ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷുമായി സംസാരിക്കാന്‍ അവസരം ഒരുക്കി നല്‍കാമെന്നാണ് ഇതില്‍ പറയുന്നത്

