KSDLIVENEWS

Real news for everyone

ഇന്നും ഉണങ്ങാത്ത മുറിവുകള്‍; മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷം

SHARE THIS ON

മുംബൈ : ഇന്ത്യയുടെ ചരിത്രത്തിൽ കറുത്ത ദിനമായി കണക്കാക്കുന്ന 26/11 മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വർഷം. പത്ത് ലഷ്‌കർ ഭീകരരാണ് അന്ന് മുംബൈ നഗരത്തിൽ അഴിഞ്ഞാടിയത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് ( സിഎസ്എംടി), താജ്മഹൽ പാലസ് ഹോട്ടൽ, ഹോട്ടൽ ട്രൈഡന്റ്, നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, കാമ ഹോസ്പിറ്റൽ എന്നിവ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ ആക്രമണം. പാക് ഭീകരരുടെ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. അതേസമയം ഒൻപത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നാണ് തൂക്കിലേറ്റിയത്.

നവംബർ 26 ന് കറാച്ചിയിൽ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കർ ഭീകരർ മുംബൈയിലെത്തിയത്. തുടർന്ന് രണ്ട് ഭീകരർ ട്രൈഡന്റിലും രണ്ട് പേർ താജ് ഹോട്ടലിലും നാല് പേർ നരിമാൻ ഹൗസിലും പ്രവേശിച്ചു. കസബും ഇസ്മായിൽ ഖാനും സിഎസ്എംടിയിൽ വെടിവെയ്പ്പ് നടത്തി.ആക്രമണത്തിന് ശേഷം ഇവർ കാമ ആശുപത്രിയിലേക്ക് നീങ്ങി. അശോക് കാംതെ, വിജയ് സലാസ്‌കർ, എന്നീ പോലീസ് ഉദ്യോഗസ്ഥരും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) മുൻ തലവൻ ഹേമന്ത് കർക്കറെയുമുൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇവർ പോലീസ് ജീപ്പ് തട്ടിയെടുക്കുകയായിരുന്നു.


എന്നാൽ ഗിർഗാവ് ചൗപ്പട്ടിക്ക് സമീപം ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം ഭീകരരെ തടഞ്ഞു. വെടിവെപ്പിൽ ഇസ്മായിൽ ഖാൻ കൊല്ലപ്പെടുകയും കസബിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുക്കാറാം ഓംബാലെ എന്ന പോലീസുകാരനാണ് അന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്.

നവംബർ 27 നാണ് രാജ്യം ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയത്. സൈനികരും മറൈൻ കമാൻഡോകളും താജ് ഹോട്ടലും നരിമാൻ ഹൗസും ട്രൈഡന്റും വളഞ്ഞു. അകത്ത് പെട്ടുകിടക്കുന്ന സാധാരണക്കാരെ ബാച്ചുകളായി ഇവർ പുറത്തെത്തിച്ചു. നവംബർ 28 ഓടെ ട്രൈഡന്റ് ഹോട്ടലിലെയും നരിമാൻ ഹൗസിലെയും ഓപ്പറേഷനുകൾ അവസാനിച്ചു.

എന്നാൽ നവംബർ 29 നാണ് എൻഎസ്ജി എത്തി താജ് ഹോട്ടലിൽ നിന്ന് ആളുകളെ മുഴുവനായി പുറത്തിറക്കിയത്. അതിനിടെ രാജ്യത്തിന് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന എൻഎസ്ജി കമാൻഡോയെയും നഷ്ടമായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!