ഗുജറാത്തിലെ സ്ഥാനാര്‍ഥികളില്‍ 456 കോടിപതികള്‍: ബി.ജെ.പിയുടെ ജയന്തി പട്ടേല്‍ ഏറ്റവും വലിയ സമ്പന്നന്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 28 ശതമാനവും കോടിപതികള്‍. ആകെയുള്ള 1621 സ്ഥാനാര്‍ഥികളില്‍ 456 പേരാണ് ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളതായി സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കോടിപതികളായ സ്ഥാനാര്‍ഥികള്‍ ഉള്ള പാര്‍ട്ടി ബി.ജെ.പിയാണ്, 154 പേര്. കോണ്‍ഗ്രസിന്റെ 142 സ്ഥാനാര്‍ഥികളും ആം ആദ്മി പാര്‍ട്ടിയുടെ 62 പേരും കോടിപതികളാണ്. 2.56 കോടി രൂപയാണ് മത്സര രംഗത്തുള്ള സ്ഥനാര്‍ഥികളുടെ ശരാശരി ആസ്തിയെന്നും അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധി നഗറിലെ മന്‍സ സീറ്റില്‍ നിന്ന് ജനവിധി തേടുന്ന ബി.ജെ.പിയുടെ ജയന്തി പട്ടേലാണ് ഏറ്റവും വലിയ സമ്പന്നന്. 661 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി. സിധ്പുറില് നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ തന്നെ ബല്‍വന്ത് രജ്പുതാണ് രണ്ടാമത്. 372 കോടി രൂപ അദ്ദേഹത്തിന് ആസ്തിയുണ്ട്. 342 കോടിയുടെ ആസ്തിയുള്ള ദഭോയ്യില്നിന്ന് മത്സരിക്കുന്ന എ.എ.പിയുടെ അജിത് സിന്‍ഹ് ഠാക്കോര്‍ മൂന്നാമത്തെ സമ്പന്നനാണ്. അതേ സമയം ഒരു രൂപ പോലും ആസ്തിയില്ലാത്ത ആറ് സ്ഥാനാര്‍ഥികളും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പതിനായരത്തില്‍ താഴെ ആസ്തിയുള്ള മറ്റൊരു ആറ് സ്ഥാനാര്‍ഥികളുമുണ്ട്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ജയന്തി പട്ടേലിന് തന്നെയാണ് ഏറ്റവും കൂടുതല്‍ ബാധ്യതയുമുള്ളത്. 233 കോടിയുടെ ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്. 42 സ്ഥാനാര്‍ഥികള്‍ തങ്ങള്‍ നിരക്ഷരരാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 85 സ്ഥാനാര്‍ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. 997 സ്ഥാനാര്‍ഥികള്‍ അഞ്ചു മുതല്‍ 12-ാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 449 പേര് ബിരുദം നേടിയവരാണ്. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 80-ന് മുകളില്‍ പ്രായമുള്ള രണ്ടു പേര് മത്സര രംഗത്തുണ്ട്. 197 പേര് 61-നും 80-നും ഇടയില്‍ പ്രായമുള്ളവരാണ്. 60-നും 41-നും ഇടയില്‍ പ്രായമുള്ള 861 സ്ഥാനാര്‍ഥികളുണ്ട്. 40-25 നും ഇടയില്‍ പ്രായമുള്ള 561 പേരും മത്സരിക്കുന്നു. ഡിസംബര്‍ 1,5 തിയതികളിലായിട്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്.”

