റോറിങ് റാമോസ്! സ്വിസ്സ് പൂട്ട് തല്ലിപ്പൊളിച്ച് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍

ദോഹ: നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം ടീമിലിടം നേടുന്നു… ലോകകപ്പില്‍ ആദ്യമായി സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ സ്ഥാനം ലഭിക്കുന്നു… മൂന്ന് ഗോളടിച്ച് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടുന്നു… ഗോണ്‍സാലോ റാമോസ് എന്ന 21 കാരന്‍ പോര്‍ച്ചുഗീസ് പയ്യന്റെ പ്രകടനമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയം നേടുമ്പോള്‍ ആ ഉജ്ജ്വല പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത് റാമോസാണ്. മുന്നേറ്റനിരയില്‍ അത്ഭുതപ്രകടനം പുറത്തെടുത്ത റാമോസ് ഹാട്രിക്കുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 17, 51, 67 മിനിറ്റുകളിലാണ് താരം ലക്ഷ്യം കണ്ടത്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയോ എന്നിവരും പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. ഈ ആധികാരിക വിജയത്തോടെ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് പോര്‍ച്ചുഗീസ് പടയുടെ എതിരാളികള്‍. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ 1966-ന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗല്‍ നാലിലധികം ഗോളുകള്‍ ഒരു മത്സരത്തില്‍ അടിച്ചുകൂട്ടുന്നത്. തലേന്ന് രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത് കവർ സോങ്ങുകളിൽ നിന്ന് പിന്നണി ഗാനരംഗത്തേക്ക്; ഹിറ്റായി ‘ഫോർ ഇയേഴ്സി’ലെ സോണിയുടെ ശബ്ദം റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ് എന്നാല്‍ സ്വിസ് പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ മത്സത്തില്‍ ലീഡെടുത്തു. റൊണാള്‍ഡോയ്ക്ക് പകരം ടീമിലിടം നേടിയ ഗോണ്‍സാലോ റാമോസാണ് പോര്‍ച്ചുഗലിനായി വലകുലുക്കിയത്. 17-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ജാവോ ഫെലിക്‌സ് ബോക്‌സിനുള്ളിലേക്ക് നല്‍കിയ പാസ് സ്വീകരിച്ച് റാമോസ് തൊടുത്തുവിട്ട വെടിയുണ്ട പോലെയുള്ള ഷോട്ട് സ്വിസ് ഗോള്‍വല കീറിമുറിച്ചു. ഗോളടിക്കാന്‍ സാധ്യത തീരെ കുറഞ്ഞ പൊസിഷനില്‍ നിന്നാണ് റാമോസ് ഗോളടിച്ചത്. താരത്തിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്. പോര്‍ച്ചുഗലിനായി റാമോസ് നേടുന്ന രണ്ടാം ഗോളുമാണിത്. ക്ലബ്ബ് ഫുട്‌ബോളില്‍ ബെന്‍ഫിക്കയ്ക്ക് വേണ്ടിയാണ് ഈ യുവതാരം ബൂട്ടുകെട്ടുന്നത്. 30-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. കിക്കെടുത്ത സൂപ്പര്‍ താരം ഷാക്കിരിയുടെ തകര്‍പ്പന്‍ ഷോട്ട് പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റ ഒരുവിധം തട്ടിയകറ്റുകയായിരുന്നു. 0 seconds of 59 seconds 33-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും വെടിപൊട്ടിച്ചു. ഇത്തവണ വെറ്ററന്‍ താരം പെപ്പെയാണ് പോര്‍ച്ചുഗീസ് പടയ്ക്ക് വേണ്ടി വലകുലുക്കിയത്. കോര്‍ണര്‍ കിക്കിലൂടെയാണ് ഗോള്‍ പിറന്നത്. ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്കിലേക്ക് ചാടിയുയര്‍ന്ന പെപ്പെ പ്രതിരോധതാരങ്ങളെ വകഞ്ഞുമാറ്റി ഹെഡ്ഡ് ചെയ്തു. ഗോള്‍കീപ്പര്‍ യാന്‍ സോമറിനെ നിസ്സഹായനാക്കി പെപ്പെ വലകുലുക്കി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡ് പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവുമാണ് പെപ്പെയുടെ പ്രായം. ഇതോടെ പോര്‍ച്ചുഗല്‍ മത്സരത്തില്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചു. 38-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ശ്രമം പോര്‍ച്ചുഗീസ് പ്രതിരോധതാരം ഡീഗോ ഡാലോ ഗോള്‍ലൈനിന് തൊട്ടുമുന്നില്‍ വെച്ച് വിഫലമാക്കി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡിന് ആദ്യ പകുതിയില്‍ ഗോളടിക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പോര്‍ച്ചുഗല്‍ വീണ്ടും ഗോളടിച്ചു. ഇത്തവണയും യുവതാരം ഗോണ്‍സാലോ റാമോസാണ് ലക്ഷ്യം കണ്ടത്. 51-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഡീഗോ ഡാലോ നല്‍കിയ ക്രോസ് സ്വീകരിച്ച റാമോസ് ഗോള്‍കീപ്പര്‍ യാന്‍ സോമറിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു. താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോളാണിത്. മൂന്ന് ഗോളടിച്ചിട്ടും പോര്‍ച്ചുഗീസ് ആക്രമണങ്ങളുടെ മൂര്‍ച്ച കുറഞ്ഞില്ല. 55-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ റാഫേല്‍ ഗുറെയ്‌റോയാണ് ഗോളടിച്ചത്. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ പിറന്നത്. റാമോസിന്റെ പാസ് സ്വീകരിച്ച് റാഫേല്‍ തൊടുത്തുവിട്ട ഷോട്ട് ഗോള്‍വല കീറി. ഇതോടെ പോര്‍ച്ചുഗല്‍ വിജയമുറപ്പിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ ഒരു ഗോള്‍ തിരിച്ചടിച്ച് സ്വിസ്സ് പട പോരാട്ടവീര്യം കാട്ടി. പ്രതിരോധതാരം മാനുവല്‍ അകാന്‍ജിയാണ് ടീമിനായി വലകുലുക്കിയത്. 58-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. വലിയ അപകടമുണ്ടാക്കാതെ കടന്നുപോയ കോര്‍ണര്‍ കിക്ക് നേരെ അകാന്‍ജിയുടെ കാലിലേക്കാണ് വന്നത്. സ്ഥാനം തെറ്റിനിന്ന ഗോള്‍കീപ്പര്‍ ഡീഗോ കോസ്റ്റയെ നിസ്സഹായനാക്കി അകാന്‍ജി ഗോള്‍വലകുലുക്കി. 67-ാം മിനിറ്റില്‍ ചരിത്രനേട്ടവുമായി ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് കുറിച്ചു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ റാമോസ് യാന്‍ സോമറിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് കോരിയിട്ട് വലകുലുക്കി റെക്കോഡ് നേടി. 2022 ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. 2002- ന്‌ശേഷം സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നേടിയ ആദ്യ മത്സരത്തില്‍ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് റാമോസ്. നേരത്തേ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 73-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിനെ പിന്‍വലിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിശീലകന്‍ സാന്റോസ് കൊണ്ടുവന്നു. 84-ാം മിനിറ്റില്‍ റൊണാള്‍ഡോ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന റാഫേല്‍ ലിയോയും ഗോളടിച്ചതോടെ പോര്‍ച്ചുഗലിന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ലിയോ ഇടതുവിങ്ങില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിലേക്ക് പറന്നിറങ്ങി. പിന്നാലെ പോര്‍ച്ചുഗല്‍ ഉജ്ജ്വലവിജയവുമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.”

