മെക്കാനിക്ക് ജോലി കൊണ്ട് സ്വരൂപിച്ച പണം കൊണ്ട് ഒരുക്കങ്ങൾ പൂർത്തിയാക്കി സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ കാത്തിരിക്കവെ കട കത്തി നശിച്ചു

കുറ്റിക്കോൽ: കഴിഞ്ഞ 28ന് കുറ്റിക്കോൽ പള്ളത്തിങ്കാലിൽ ഉദ്ഘാടനം നടത്തുവാനിരുന്ന സ്പെയർ പാർട്സ് കട തിങ്കളാഴ്ച പുലർച്ചെ കത്തിനശിച്ചു. പ്രദേശത്തുള്ള ചിലരാണ് കട കത്തിച്ചത് എന്ന് ചില സൂചനകൾ ഉണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഏറെ മുന്നോട്ടു പോകുവാൻ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാന തൊഴിലാളിയായ ജ്യോതിഷ് എന്ന ചെറുപ്പക്കാരനാണ് പള്ളത്തിങ്കാലിൽ കട നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങൾ നടത്തുകയും, ഏതാണ്ട് മൂന്നു ലക്ഷം രൂപയുടെ വാഹന ഉപകരണങ്ങൾ വാങ്ങി വയ്ക്കുകയും ചെയ്തത്. തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന കടയാണ് പുലർച്ചെ കത്തിനശിച്ചത്.
കട കത്തിയതിന് പിന്നിൽ സമീപത്ത് പ്രവർത്തിക്കുന്ന ചില കടകളുടെ ഉടമസ്ഥർക്ക് അറിവുണ്ടാകാം എന്നും സൂചനകളുണ്ട്. ജ്യോതിഷിന്റെ കട വന്നുകഴിഞ്ഞാൽ അത് തങ്ങൾക്ക് ഭീഷണിയാകുമെന്ന് ഭയന്ന ചിലരുണ്ടായിരുന്നതായി പറയപ്പെടുന്നു. ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ബേഡകം പോലീസ് വ്യക്തമാക്കി.
കട കത്തിയതിന് ഏതാണ്ട് ഒരാഴ്ച മുൻപ് കാനത്തൂർ താമസിക്കുന്ന ജ്യോതിഷിനെ ചിലർ സമീപിക്കുകയും, കാനത്തൂരിനും ബോവിക്കാനത്തിനും ഇടയിലുള്ള പയർപള്ളത്ത് ഒരു വാഹനം റിപ്പയർ ചെയ്യാൻ ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. അവരുടെ വാഹനത്തിൽ കയറുവാൻ ആവശ്യപ്പെട്ടുവെങ്കിലും ജോതിഷ് തന്റെ മോട്ടോർസൈക്കിളിൽ വാഹനത്തിനു പിന്നാലെ പോവുകയായിരുന്നു.
എന്നാൽ പയർപള്ളത്ത് എത്തിയപ്പോൾ അവർ വാഹനം നിർത്തുകയും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു ഏഴുപേർ ചേർന്ന് ജ്യോതിഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ പ്രദേശത്ത് നീ കയറി വന്നു കളിക്കണ്ട എന്ന് പറയുകയും ചെയ്തുവത്രേ. വർഷങ്ങളായി കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മെക്കാനിക്ക് ജോലി ചെയ്തു വരികയായിരുന്നു ജ്യോതിഷ്. ജോലി ചെയ്തു സ്വരൂപിച്ച പണംകൊണ്ട് കട നടത്തുവാൻ ഉള്ള ഒരുക്കങ്ങൾ നടത്തിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി കട കത്തിയത്.
സൈബർ പോലീസിന്റെ സഹായത്തോടുകൂടി വിശദമായ അന്വേഷണം ആണ് നടത്തിവരുന്നത് എന്ന് ബേഡകം എസ് ഐ അറിയിച്ചു. അതു കൊണ്ടുള്ള കാലതാമസം മാത്രമേയുള്ളൂവെന്നും മറ്റ് പ്രശ്നങ്ങൾ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

