ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസ്; 20 വർഷത്തെ ഭരണത്തിന് ശേഷം പിന്മാറ്റം

ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനമായ ഹമാസ്. ഭരണം പലസ്തീൻ ടെക്നോ ക്രാറ്റുകളുടെ സമിതിക്ക് കൈമാറും. 20 വർഷത്തെ ഭരണത്തിനു ശേഷമാണ് ഹമാസിന്റെ പിന്മാറ്റം. ഹമാസ് സർക്കാരിന്റെ അടിയന്തര സമിതി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചു. പലസ്തീൻ ഉദ്യോഗസ്ഥനായ അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ ഇനി ഗസയുടെ ഭരണം ഏറ്റെടുക്കും.
ട്രംപ് സ്ഥാപിച്ച ബോർഡ് ഓഫ് പീസ് ആണ് ആറു മാസം മുമ്പ് നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ രൂപീകരിച്ചത്. കഴിഞ്ഞ ഒക്ടോബറിലെ വെടിനിർത്തൽ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഭരണം ടെക്നോക്രാറ്റുകളുടെ സമിതിക്ക് കൈമാറണം എന്നത്. ഈജിപ്തിലെ കെയ്റോയിൽ മറ്റ് പലസ്തീൻ സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് ഹമാസ് നിർണായക തീരുമാനം എടുത്തത്.
എൻ സി എ ജി ഗസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രായേൽ എതിർക്കുന്നതിനാൽ എൻസിഎജി മാസങ്ങളായി കെയ്റോയിൽ തുടരുകയാണ്. റാമല്ല ആസ്ഥാനമായുള്ള പലസ്തീൻ അതോറിറ്റി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതിനോടും ഇസ്രയേലിന് എതിർപ്പുള്ളതിനാലാണ് എൻ സി എ ജി രൂപീകരിച്ചത്.
2007 ൽ എതിരാളികളായ പലസ്തീൻ പ്രസ്ഥാനമായ ഫതഹിൽ നിന്നാണ് ഗസയുടെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തത്. ഹമാസിൻ്റെ നിരായുധീകരണം എന്ന ആവശ്യം ഇപ്പോഴും കീറാമുട്ടിയായി തുടരുന്നു. ഗസ്സ ഭരണത്തിനായുള്ള സമിതിയിലേക്ക് (NCAG) ഭരണപരമായ ചുമതലകളും സർക്കാർ സംവിധാനങ്ങളും കൈമാറുന്നത് സുഗമമാക്കുന്നതിനായി ഭരണസമിതി പിരിച്ചുവിടാൻ തീരുമാനിച്ചതായാണ് ഹമാസ് സർക്കാർ മീഡിയാ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത പ്രതികരിച്ചത്.

