ഫ്രാന്‍സിന് നഷ്ടപ്പെട്ടത് 60 വര്‍ഷത്തിനിടെ ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകാനുള്ള അവസരം

ദോഹ: അര്ജന്റീനക്കെതിരെയുള്ള ഫൈനലില്‍ പരാജയപ്പെട്ടതോടെ ഫ്രാന്‍സിന് നഷ്ടപ്പെട്ടത് 60 വര്‍ഷത്തിനിടെ ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമായി മാറാനുള്ള അവസരം. ഇതിന് മുമ്ബ് രണ്ട് ടീമുകളാണ് ഇത്തരത്തില്‍ കിരീടം നിലനിര്‍ത്തിയിട്ടുള്ളത്. 1934, 1938 ലോകകപ്പുകളില്‍ ഇറ്റലിയും 1958, 1962 ലോകകപ്പുകളില്‍ ബ്രസീലും തുടര്‍കിരീടങ്ങള്‍ നേടിയിരുന്നു.
ആ സ്വപ്നം നടന്നില്ലെങ്കിലും, ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളില്‍ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയര്‍ ദെഷാംപ്സ് മാറി. നേരത്തെ ടീമുകളെ ഒന്നിലധികം ഫൈനലുകളില്‍ എത്തിച്ച കോച്ചുമാരില്‍ ഒരാള്‍ക്ക് മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. ഇതിഹാസ താരമായ വിറ്റോറിയോ പോസ്സോയുടെ പരിശീലനത്തിലാണ് 1934, 1938 ലോകകപ്പുകളില്‍ ഇറ്റലി കിരീടം നേടിയത്. പക്ഷേ ദെഷാംപ്സിന് ഫ്രഞ്ച് പടയ്ക്ക് കിരീടം നേടിക്കൊടുക്കാനായില്ല.
1930ല്‍ ആദ്യ ലോകകപ്പ് നേടിയത് ഉറുഗ്വേയാണ്. 1934ലെ ലോകകപ്പില്‍ അവര്‍ പങ്കെടുത്തില്ല. അക്കുറി ഇറ്റലി ജേതാക്കളായി. തൊട്ടടുത്ത് നടന്ന 1938ലെ ലോകകപ്പിലും അവര്‍ വിജയ കിരീടം ചൂടി. എന്നാല്‍ 1950 ല്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ആ ലോകകപ്പില്‍ ആദ്യ ജേതാക്കളായ ഉറുഗ്വേ വീണ്ടും രാജക്കന്മാരായി. 1954ല്‍ അവര്‍ സെമിഫൈനല്‍ വരെയെത്തിയെങ്കിലും വെസ്റ്റ് ജര്‍മനിയാണ് കിരീടം നേടിയത്. 1958ല്‍ അവര്‍ സെമി ഫൈനലില്‍ തോറ്റ് മടങ്ങി. അക്കുറി ബ്രസീല്‍ അവരുടെ ആദ്യ കിരീടം നേടി. 1962 ല്‍ അവര്‍ ചാമ്ബ്യന്‍ പദവി നിലനിര്‍ത്തി. എന്നാല്‍ 1966ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ആ ലോകകപ്പില്‍ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ കിരീടം കൊണ്ടുപോയി. എന്നാല്‍ 1970ലെ ലോകകപ്പില്‍ ഇംഗ്ലീഷ് പട ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി. ഈ ലോകകപ്പില്‍ ബ്രസീല്‍ തങ്ങളുടെ മൂന്നാം കിരീടം നേടി. എന്നാല്‍ 1974ല്‍ അവര്‍ സെക്കന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. വെസ്റ്റ് ജര്‍മനിയാണ് ചാമ്ബ്യന്മാരായത്. എന്നാല്‍ അവര്‍ സെക്കന്‍ഡ് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ 1978ലെ ലോകകപ്പില്‍ അര്‍ജന്റീന തങ്ങളുടെ കന്നിക്കിരീടം നേടി. എന്നാല്‍ 1982ല്‍ സെക്കന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങാനായിരുന്നു നീലപ്പടയുടെ വിധി. അക്കുറി ജേതാക്കളായ ഇറ്റലി 1986ലെ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ പുറത്തായി. ആ ലോകകപ്പില്‍ അര്‍ജന്റീനന്‍ പട തങ്ങളുടെ രണ്ടാം കിരീടം ലാറ്റിനമേരിക്കയിലേക്ക് കൊണ്ടുപോയി. അടുത്ത ലോകകപ്പ് 1990ല്‍ നടന്നപ്പോള്‍ കപ്പിനും ചുണ്ടിനുമിടയില്‍ നിന്ന് അവരുടെ സൗഭാഗ്യം വെസ്റ്റ് ജര്‍മനി തട്ടിപ്പറിച്ചു. തുടര്‍ കിരീടം നേട്ടം കൊതിച്ച നീലപ്പടക്ക് റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു വിധി. എന്നാല്‍ 1994ല്‍ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ മടങ്ങി. ബ്രസീലാണ് കിരീടം നേടിയത്. തുടര്‍ന്ന് 1998ലെ ലോകകപ്പില്‍ കിരീടം നേടിയുള്ള മഞ്ഞപ്പടയുടെ പോരാട്ടം ഫൈനല്‍ വരെയെത്തി. പക്ഷേ തോറ്റ് റണ്ണേഴ്സ് അപ്പായി മടങ്ങി ഏറ്റവും കുടുതല്‍ തവണ കിരീടം നേടിയ നാട്ടുകാര്‍. ഫ്രാന്‍സാണ് അന്നവരെ കരയിച്ച് കിരീടം കൊണ്ടുപോയത്. എന്നാല്‍ 2002 ലോകകപ്പില്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങേണ്ടി വന്നു. കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ബ്രസീലാണ് ജേതാക്കളായത്. 2006ല്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു മടങ്ങി. ഇറ്റലിയാണ് ലോകചാമ്ബ്യന്മാരായത്. എന്നാല്‍ 2010 അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളി നിര്‍ത്തേണ്ടിവന്നു. സ്പെയിനാണ് കിരീടം നേടിയത്. 2014ല്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. ജര്‍മനിയാണ് കാല്‍പ്പന്തിന്റെ ലോകമേല്‍വിലാസം നേടിയത്. 2018ല്‍ അവര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായപ്പോള്‍ ഫ്രാന്‍സ് രണ്ടാം ലോകകിരീടം ചൂടി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോഡ് ബ്രസീലിന്
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ റെക്കോഡ് ബ്രസീലിനാണ്. അഞ്ചു കിരീടങ്ങളാണ് മഞ്ഞപ്പടയുടെ ഷോക്കേസിലുള്ളത്. നാലു വീതം വിജയങ്ങളുള്ള ജര്‍മനിയും ഇറ്റലിയുമാണ് രണ്ടാം സ്ഥാനത്ത്. അര്‍ജന്റീനയ്ക്ക് ഇന്നത്തെ വിജയത്തോടെ മൂന്നു ലോകകപ്പ് കിരീടമായി. 2022 ലോകകപ്പിലെ ഫൈനലില്‍ വിജയിച്ച നീലപ്പട ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ആദ്യ കിരീടം നേട്ടം സാക്ഷാത്കരിച്ചിരിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് രണ്ടു വീതം ലോകചാമ്ബ്യന്‍ പട്ടമാണുള്ളത്. ബ്രസീല്‍ ഏഴു വട്ടം ഫൈനല്‍ കളിച്ചപ്പോള്‍ രണ്ടുവട്ടം റണ്ണേഴ്സ് അപ്പായി. എട്ടുവട്ടം ഫൈനലിലെത്തിയ ജര്‍മനി നാലു വട്ടമാണ് രണ്ടാം സ്ഥാനക്കാരായി മടങ്ങേണ്ടി വന്നത്. ഇറ്റലി ആറു വട്ടം ഫൈനലിലെത്തിയപ്പോള്‍ രണ്ടു വട്ടം റണ്ണേഴ്സ് അപ്പായി.
അര്‍ജന്റീന ആറു വട്ടമാണ് ഫൈനലിലെത്തിയത്. മൂന്നുവട്ടവും തോല്‍വിയായിരുന്നു ഫലം. ഫ്രാന്‍സ് ഇന്നത്തേതടക്കം നാലു വട്ടമാണ് ഫൈനലിലെത്തിയത്. രണ്ടു വട്ടമാണ് റണ്ണേഴ്സ് അപ്പായത്. നെതര്‍ലന്‍ഡ്സും മൂന്നുവട്ടം ലോകകപ്പ് ഫൈനലിലെത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുവട്ടവും റണ്ണേഴ്സ് അപ്പായി മടങ്ങാനായിരുന്നു ഡച്ച് പടയുടെ വിധി. രണ്ടുവട്ടം ഫൈനല്‍ പ്രവേശനം നേടിയ ഉറുഗ്വേ രണ്ടു വട്ടവും ജേതാക്കളായാണ് തിരിച്ചുകയറിയത്. ചെക്കോസ്ലാവാക്യയും ഹംഗറിയും രണ്ടുവട്ടം ഫൈനലിലെത്തിയെങ്കിലും കിരീടം നേടിയില്ല. ഓരോ വട്ടം ഫൈനലിലെത്തിയ സ്പെയിനും ഇംഗ്ലണ്ടും കിരീടവുമായി മടങ്ങിയപ്പോള്‍ സ്വീഡനും ക്രൊയേഷ്യയും റണ്ണേഴ്സ് അപ്പില്‍ തൃപ്തിപ്പെടേണ്ടി വന്നു.
കിലിയന്‍ എംബാപ്പെ ഹാട്രിക്കും ലയണല്‍ മെസി ഇരട്ടഗോളും നേടി മുന്നില്‍ നിന്ന് നയിച്ചതോടെ മരണക്കളിയായ ഞായറാഴ്ച നടന്ന ഫൈനലില്‍ അര്‍ജന്റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടില്‍ കൂമാന്റെ കിക്ക് മാര്‍ട്ടിനെസ് തടുത്തപ്പോള്‍ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തുടര്‍ കിരീടമെന്ന് ഫ്രാന്‍സിന്റെ സ്വപ്നം പൊലിഞ്ഞു.
France missed out on becoming the first team in 60 years to retain the World Cup

