സ്കൂളിൽ പോകാൻനിന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ആക്രമിച്ചു; പ്രതിക്ക് 10 വർഷം തടവും പിഴയും

കൊച്ചി ∙ സ്കൂളിലേക്കു പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. തൃപ്പൂണിത്തുറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിനെയാണ് (54) എറണാകുളം പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിലാണ് സംഭവം നടന്നത്. 15 വയസുള്ള കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
സ്കൂളിൽ വിടാം എന്നു പറഞ്ഞു നിർബന്ധിച്ചു ബൈക്കിൽ കയറ്റുകയും ബൈക്കിൽ വച്ചും വിജനമായ സ്ഥലത്തെത്തിച്ചും ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ കുട്ടിയെ തിരിച്ച് ബസ് സ്റ്റോപ്പിൽ എത്തിച്ചു പ്രതി കടന്നുകളഞ്ഞു. സംഭവത്തിൽ ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചു. വീട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവും, പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. പിഴത്തുക ഇരയായ കുട്ടിക്കു നൽകാനും കോടതി നിർദേശിച്ചു. കുട്ടിയെ സഹായിക്കുന്നു എന്ന വ്യാജേന തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ചത് ഗൗരവത്തോടെയാണ് കോടതി കണ്ടത്. മരട് എസ്ഐ ആയിരുന്ന ബൈജു പി.ബാബുവാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

