KSDLIVENEWS

Real news for everyone

പട്ടാളക്കാരുടെ ഗ്രാമത്തില്‍ നിന്ന് IPL-ലേക്ക്; 20 ലക്ഷം വിലയിട്ടു, അഞ്ചരക്കോടി നേടി ഞെട്ടിച്ച് മുകേഷ്

SHARE THIS ON

ബിഹാറിലെ ഗോപാല്‍ഗഞ്ജ് ഇന്ത്യന്‍ ആര്‍മിയിലേക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഗ്രാമത്തിലെ മിക്ക യുവാക്കളും ഇന്ത്യന്‍ പ്രതിരോധസേനയില്‍ ചേരണമെന്ന ആഗ്രഹവുമായി തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെടാറാണ് പതിവ്. എന്നാല്‍ അതേ ഗ്രാമത്തില്‍ നിന്നൊരു പയ്യന്‍ ഇന്ത്യയ്ക്ക് വേണ്ടി സേവനം ചെയ്യണമെന്ന് ആഗ്രഹിച്ചു പക്ഷേ അത് പ്രതിരോധസേനയിലൂടെയല്ല മറിച്ച് ക്രിക്കറ്റിലൂടെ. അവന്റെ സ്വപ്‌നങ്ങള്‍ക്കെതിരേ പലരും ശബ്ദമുയര്‍ത്തി. ക്രിക്കറ്റിനെ വിട്ട് പ്രതിരോധസേനയില്‍ ചേരാന്‍ പലരും നിര്‍ബന്ധിച്ചു. പക്ഷേ ക്രിക്കറ്റ് ആ യുവതാരത്തിന്റെ രക്തത്തില്‍ എന്നേ അലിഞ്ഞുചേര്‍ന്നിരുന്നു. ഒടുവില്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് അവന്‍ ഇന്ന് ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. 2023 ഐ.പി.എല്‍ താരലേലത്തില്‍ 5.5 കോടി രൂപ സ്വന്തമാക്കി മുകേഷ് കുമാര്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

ബിഹാര്‍ പേസ് ബൗളറായ മുകേഷ് കുമാറിന്റെ അടിസ്ഥാന വില വെറും 20 ലക്ഷം മാത്രമായിരുന്നു. എന്നാല്‍ താരത്തിന്റെ ബൗളിങ്ങിന്റെ മൂര്‍ച്ച എത്രത്തോളമുണ്ടെന്ന് അറിയാവുന്ന ഫ്രാഞ്ചൈസികള്‍ മുകേഷിനായി മുറവിളി കൂട്ടി. ലേലം ലക്ഷങ്ങള്‍ മറികടന്ന് കോടികളില്‍ മുത്തമിട്ടു. ബിഹാറില്‍ ജനിച്ച് ബംഗാളിനുവേണ്ടി പന്തെറിയുന്ന മുകേഷ് കുമാറിനെ ഒടുവില്‍ പൊന്നുംവില കൊടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും പഞ്ചാബ് കിങ്‌സിന്റെയും ശക്തമായ വെല്ലുവിളി മറികടന്നുകൊണ്ട് ഡല്‍ഹി ക്യാപിറ്റല്‍സ് 5.5 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ഈ വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ മുകേഷ് കുമാര്‍ യാഥാര്‍ത്ഥ്യമാക്കിയത് പിതാവിന്റെ സ്വപ്‌നമാണ്. ടാക്‌സി ഡ്രൈവറായിരുന്ന അച്ഛന്‍ കാശിനാഥിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും മകന്റെ ഈ വലിയ നേട്ടം കാണാന്‍ അദ്ദേഹം ഇന്ന് ജീവനോടെയില്ല.


ചെറുപ്പത്തില്‍ ഗ്രാമത്തിലെ മറ്റ് യുവാക്കളെപ്പോലെ ഇന്ത്യന്‍ പ്രതിരോധസേനയുടെ ഭാഗമാകണമെന്നുതന്നെയാണ് മുകേഷും ആഗ്രഹിച്ചത്. ഒപ്പം ക്രിക്കറ്റ് കളിക്കാനും തുടങ്ങി. ഗോപാല്‍ഗഞ്ജിലെ കാക്കര്‍കുണ്ഡ് ഗ്രാമത്തിലാണ് മുകേഷിന്റെ വീട്. അവിടെ നിന്ന് ക്രിക്കറ്റ് കളിക്കാനായി താരം ദിവസവും 15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഗ്രൗണ്ടിലെത്തും. സഹതാരങ്ങള്‍ ബസ്സില്‍ വരാന്‍ ആവശ്യപ്പെടുമെങ്കിലും സൈക്കിള്‍ ചവിട്ടുന്നത് കാലിന്റെ പേശികള്‍ക്ക് ബലം പകരുമെന്ന് മുകേഷ് മറുപടി നല്‍കി. അത് ശരിയാണെന്ന് അദ്ദേഹം പില്‍ക്കാലത്ത് തെളിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!