മെക്സികോ ജയിലിൽ വെടിവയ്പ്പ്; 14 പേർ കൊല്ലപ്പെട്ടു, 24 തടവുകാർ പുറത്തുചാടി

സ്യൂഡാസ്‌വാറസ് ∙ മെക്സിക്കോയിലെ സ്യൂഡാസ്‌വാറസിലെ ജയിലിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും സുരക്ഷാ ഏജന്റുമാരുമാണ് കൊല്ലപ്പെട്ടത്. 24 തടവുകാർ ജയിലിൽനിന്ന് കടന്നുകളഞ്ഞു. തോക്കുമായി ജയിലിൽ കടന്നവരാണ് വെടിയുതിർത്തതെന്നാണു സൂചന.
സുരക്ഷാകവചമുള്ള വാഹനങ്ങളിലാണ് ആയുധധാരികൾ എത്തിയത്. ജയിലിലെ അക്രമത്തിനു മുൻപ് ബൊളിവാർഡിന് സമീപം മുനിസിപ്പൽ പൊലീസിന് നേരെയും വെടിയുതിർത്തിരുന്നു. ഇവരെ പിന്തുടർന്ന പൊലീസ് ഒരു വാഹനവും നാലുപേരെയും പിടികൂടി. പിന്നീട് ഹമ്മറിൽ എത്തിയ ആക്രമികൾ ജയിലിൽ വെടിവയ്പ് നടത്തുകയായിരുന്നു.
ക്രിമിനൽ, ലഹരിമരുന്ന് കേസ് പ്രതികളെ പാർപ്പിച്ചിരുന്ന പ്രത്യേക സെല്ലിലെ സംഘർഷമാണ് തുടക്കം. ഇതിൽ 13 പേർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ ഇവർ തടവുകാരാണോ പുറത്തുനിന്നുവന്ന അക്രമികളാണോ എന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നു പൊലീസ് പറഞ്ഞു.

