KSDLIVENEWS

Real news for everyone

ലോകകപ്പിന് 20 പേരുടെ ചുരുക്കപ്പട്ടിക, ഐപിഎല്ലിൽ ഇളവ്; ബിസിസിഐയുടെ പരിഷ്കാരം

SHARE THIS ON

മുംബൈ ∙ 10 മാസത്തിനു ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി 20 കളിക്കാരുടെ ചുരുക്കപ്പട്ടികയുമായി ബിസിസിഐ. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ സാധ്യതയുള്ള 20 താരങ്ങളെ കണ്ടെത്തിയെന്നും ഇവരെ ലോകകപ്പിനു മുൻപ് റൊട്ടേഷൻ അടിസ്ഥാനത്തിൽ പരമാവധി മത്സരങ്ങൾ കളിപ്പിക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ പറഞ്ഞു.

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്താൻ ചേർന്ന യോഗത്തിനുശേഷമായിരുന്നു ജയ് ഷായുടെ പ്രതികരണം. സാധ്യതാ പട്ടികയിൽ ആരൊക്കെയുണ്ട് എന്നു വെളിപ്പെടുത്തിയിട്ടില്ല. ജയ് ഷാ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ത്യൻ സീനിയർ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വി.വി.എസ്.ലക്ഷ്മൺ, സ്ഥാനമൊഴിയുന്ന സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ എന്നിവരാണ് പങ്കെടുത്തത്.


ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിൽ ബിസിസിഐ തൃപ്തരാണെന്നും രോഹിത് ക്യാപ്റ്റനായി തുടരുമെന്നുമാണ് റിപ്പോർട്ടുകൾ. ഏകദിന ലോകകപ്പിൽ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. ട്വന്റി20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ യോഗത്തിൽ പങ്കെടുത്തില്ല.

ലോകകപ്പ് പദ്ധതിയിൽ ഉൾപ്പെട്ട കളിക്കാരുടെ ജോലിഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് ഐപിഎൽ ഫ്രാഞ്ചൈസികളുമായി ചർച്ച നടത്താൻ വി.വി.എസ്.ലക്ഷ്മണെ യോഗം ചുമതലപ്പെടുത്തി. ഇതുവഴി, മാർച്ചിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽനിന്ന് പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ഇളവു ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!