വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടകര്‍ഷകന്റെ മൃതദേഹം സംസ്കരിക്കാന്‍ ധാരണ; വായ്പ എഴുതിത്തള്ളുന്നതിന് നടപടി’

മാനന്തവാടി∙ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാന്‍ ധാരണയായി. കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് വയനാട് കലക്ടര്‍ എ.ഗീത ചര്‍ച്ചയില്‍ അറിയിച്ചു.
കുടുംബാംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. മരിച്ച തോമസ് എടുത്ത കാര്‍ഷികവായ്പ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.
കഴിഞ്ഞ ദിവസമാണ് നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ തൊണ്ടർനാട് പുതുശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ തറവാടുവീടിനു സമീപത്തെ കൃഷിയിടത്തിൽ ആക്രമണത്തിനിരയായ തോമസ് മൂന്നരയോടെ മരിക്കുകയായിരുന്നു.

