KSDLIVENEWS

Real news for everyone

ഷാരോണ്‍വധം: ഗ്രീഷ്മ ജയിലില്‍ കിടന്ന് വിചാരണ നേരിടണം

SHARE THIS ON

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആസൂത്രിത കൊലപാതകമാണെന്ന് നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ ചുമത്തിയത്. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവരും പ്രതികളാണ്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 90 ദിവസത്തിന് മുമ്ബ് കുറ്റപത്രം നല്‍കിയതിനാല്‍ ജയിലില്‍ കിടന്ന് വേണം ഗ്രീഷ്മ വിചാരണ നേരിടാന്‍. ജനുവരി 28ന് കോടതി കേസ് പരിഗണിക്കും. കഴിഞ്ഞവ‍ര്‍ഷം ഒക്ടോബര്‍ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടില്‍ െവച്ച്‌ ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുന്നത്. 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു മരണം. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും രേഖപ്പെടുത്തിയ 65 പേജ് കുറ്റപത്രമാണ് ജില്ല ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈ.എസ്.പി രാസിത്ത് സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍ ഗുണ്ടാബന്ധത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലാണ്. തന്‍റെ വീട്ടിലേക്ക് ഷാരോണിനെ വിളിച്ചുവരുത്തി വിഷം നല്‍കിയത് തട്ടിക്കൊണ്ടുപോകലിന് സമാനമാണെന്ന വിലയിരുത്തലിലാണ് ആ കുറ്റം കൂടി ഗ്രീഷ്മക്കെതിരെ ചുമത്തിയത്. മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ ഷാരോണ്‍ സംശയിച്ചിരുന്നില്ല. സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു പാറശ്ശാല പൊലീസ് ആദ്യം. പിന്നീട് പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ഗ്രീഷ്മയുടെ കുറ്റസമ്മതം. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയത്. ഇതിന് മുമ്ബും ജ്യൂസില്‍ പാരെസറ്റമോള്‍ കലര്‍ത്തി ഗ്രീഷ്മ നല്‍കിയിരുന്നു. അന്നും അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നല്‍കാന്‍ തീരുമാനിച്ചത്. മുമ്ബും ജ്യൂസ് ചലഞ്ച് നടത്തിയിട്ടുള്ളതിനാല്‍ അനുനയത്തില്‍ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു. മകളുടെ കടുംകൈ മനസ്സിലാക്കിയ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിെച്ചന്ന് കുറ്റപത്രത്തില്‍ പറയുന്നു. തെളിവ് നശിപ്പിക്കല്‍ കുറ്റം മാത്രമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിന്ധുവിന് ഹൈകോടതി ജാമ്യം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!