KSDLIVENEWS

Real news for everyone

വയോധികയുടെ ഭൂമിയും പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന പരാതി; കൗണ്‍സിലറെ CPM സസ്‌പെന്‍ഡുചെയ്തു

SHARE THIS ON

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലർ സുജിനെ സസ്പെൻഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. അഞ്ച് വർഷത്തേക്കാണ് സസ്പെൻഷൻ. നെയ്യാറ്റിൻകരയിൽ തനിച്ച് താമസിക്കുന്ന ബേബി എന്ന സ്ത്രീയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് ആരോപിച്ച് സുജിനും ഭാര്യ ഗീതുവിനുമെതിരെയിരുന്നു പരാതി. സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയുടെ വീട്ടിൽ കുടുംബത്തോടെ താമസിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. അച്ഛനമ്മമാരുടേയും സഹോദരങ്ങളുടേയും മരണത്തോടെയാണ് ബേബി ഒറ്റയ്ക്കായത്. അവിവാഹിതയാണ് ഇവർ. 78 വയസുണ്ട്. മാരായമുട്ടം പൊലീസ് പരിധിയിൽ ഒറ്റയ്ക്കാണ് ഇവർ താമസിച്ചിരുന്നത്. 2021 ഫെബ്രുവരിയിലാണ് ഭാര്യയ്ക്കും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സുജിൻ ഈ വീട്ടിൽ താമസം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!