ബജറ്റ് തലേന്ന് കേന്ദ്രം വായ്പ വീണ്ടുംവെട്ടിക്കുറച്ചു; ഇന്ധനസെസ് വേണ്ടിവന്നത് അതുകൊണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് തലേന്ന് കേന്ദ്രം കേരളത്തിന്റെ വായ്പ വീണ്ടും വെട്ടിക്കുറച്ചതോടെ സംസ്ഥാനസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. അടുത്തവര്‍ഷവും ഈ സ്ഥിതി തുടരുമെന്ന് കേന്ദ്രം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതോടെയാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ ഉള്‍പ്പെടെയുള്ള കടുത്ത നികുതിനിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഇത് നേരത്തേ ആലോചിച്ചിരുന്നതല്ല. ഇല്ലെങ്കില്‍ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കേണ്ട ഗുരുതരമായ സാഹചര്യമുണ്ടാകും. 63 ലക്ഷം കുടുംബങ്ങള്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനും നല്‍കാന്‍ വര്‍ഷം വേണ്ടത് 11,000 കോടിയാണ്. ജനുവരിമുതല്‍ മാര്‍ച്ചുവരെയുള്ള മൂന്നുമാസങ്ങളില്‍ 17,500 കോടിയുടെ വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം അനുവദിച്ചത് വെറും 973 കോടിയാണ്. കിഫ്ബി ഈ വര്‍ഷം എടുത്ത വായ്പയിലെ 2700 കോടി രൂപകൂടി പൊതുകടത്തില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷംതന്നെ വെട്ടിക്കുറച്ചു. ബജറ്റ് തയ്യാറാക്കുന്നത് അവസാനഘട്ടത്തിലേക്കുകടന്ന വ്യാഴാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച അറിയിപ്പുവന്നത്. ഇത് കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ക്ഷേമപെന്‍ഷന്‍ കമ്പനിയെടുത്ത വായ്പയില്‍ 8600 കോടി അടുത്തവര്‍ഷം കുറയ്ക്കാനിരിക്കുകയാണ്

