KSDLIVENEWS

Real news for everyone

കളന്‍തോടില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം: നാട്ടുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

SHARE THIS ON

മുക്കം | റോഡരികില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലി കോഴിക്കോട് കട്ടാങ്ങല്‍ കളന്‍തോടില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വധശ്രമം, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യാര്‍ഥികളുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കേസെടുത്തത്. നാട്ടുകാരായ ആറ് പേര്‍ക്കെതിരെയാണ് കേസ്. ഇന്നലെയാണ് കളന്‍തോട് എം ഇ എസ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും ഒരു വിഭാഗം നാട്ടുകാരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് വെട്ടേല്‍ക്കുകയും പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ കോളജ് പരിസരത്തെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെത്തിയ വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വീടിനോട് ചേര്‍ന്ന റോഡില്‍ മോട്ടോര്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ അവിടെ നിന്ന് ബൈക്ക് മാറ്റാന്‍ ശ്രമിച്ച വിദ്യാര്‍ഥിയുടെ മുഖത്ത് ഒരാള്‍ അടിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. നാട്ടുകാര്‍ യാതൊരു പ്രകോപനങ്ങളുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരുക്കേറ്റ 12 വിദ്യാര്‍ഥികള്‍ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഇയാസ് (19), ശഹിന്‍ ശംസു (21), ബാസിത് (20), ഫഹ്‍മി ജവാദ് (20), റിസ്വാന്‍ (20, ശാബില്‍ (20), ഷമ്മാസ് (20), മി‍ദ്‍ലാജ് (19), നിദാന്‍ (18), നിയാസ് (18), ആരിഫ് (19), മുസ്‍താഖ് (17), മുനവര്‍ (19), അജ്‌നാസ് (18) എന്നിവരാണ് ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!